യുഎഇ പതാക ദിനത്തിൽ പ്രസിഡന്‍റിന്‍റെ അഭിനന്ദനം ഏറ്റുവാങ്ങി മലയാളികൾ
അബൂദബി: യുഎഇ പതാകദിനത്തിൽ രാജ്യത്തിന്‍റെ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ വിശിഷ്ടാതിഥിയായി പങ്കെടുത്തവരിൽ കോട്ടയം സ്വദേശിനിയും. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് നേരിട്ട് കൈ തന്ന് അഭിനന്ദിച്ചതിന്‍റെ ത്രില്ലിലാണ് അബൂദബിയിൽ എൻജിനീയറായ അർച്ചന തോമസ്. അബൂദബി ഖസറുൽ ഹുസനിൽ യു.എ.ഇ പ്രസിഡന്റ് ഇന്നലെ പതാക ഉയർത്തുമ്പോൾ 55 പേരാണ് വിശ്ടാതിഥിയായി പങ്കെടുത്തത്. അതിലൊരാളായിരുന്നു അബൂദബിയിലെ ജലവൈദ്യുതി സ്ഥാപനമായ താഖയിലെ എൻജിനീയർ അർച്ചന തോമസ് ഷീല. ഗൾഫിൽ ജനിച്ചുവളർന്ന അർച്ചന 15 വർഷമായി യുഎഇയിലുണ്ട്. സ്കൂൾ, കോളജ് പഠനമെല്ലാം പൂർത്തിയാക്കിയത് ഇവിടെ നിന്നാണ്. മാതാപിതാക്കളായ തോമസ് എബ്രഹാം, ഷീലാമ്മ തോമസ്, സഹോദരങ്ങളായ ആതിര, അതുൽ എന്നിവർക്കൊപ്പമാണ് താമസം. ഒരു വർഷം മുമ്പാണ് താഖയിലെ ജലവിതരണ വിഭാഗത്തിൽ സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചത്.ഖസറുൽ ഹസനിൽ നിന്ന് നേരിട്ട് അഭിനന്ദനം ഏറ്റുവാങ്ങിയതും കൈ തന്നതും ഏറ്റവും അഭിമാനാർഹമായ നിമിഷമാണെന്ന് അർച്ചന തോമസ് ഷീല പറഞ്ഞു.

രാജ്യം 55 വയസ് പിന്നിടുന്നതിന്റെ ഭാഗമായാണ് വിവിധ രംഗങ്ങളിൽ മികച്ച സംഭാവന നൽകിയ 55 പേരെ പതാകാരോഹണ ചടങ്ങിൽ അതിഥിയായി പങ്കെടുപ്പിച്ചത്. ഫുജൈറയിൽ താമസിക്കുന്ന ചാവക്കാട് സ്വദേശി ഷംജ മുജീബ് മുഹമ്മദും അർച്ചനക്കൊപ്പം ഈ സംഘത്തിലുണ്ടായിരുന്നു.