PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥി രാജ്യമായി ഒമാൻ

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥി രാജ്യമായി ഒമാൻ

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥി രാജ്യമായി ഒമാൻ

ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥി രാജ്യമായി ഒമാൻ. യുഎഇയും ഒമാനും തമ്മിലുള്ള ഊഷ്മളമായ സൗഹൃദവും ആഴത്തിലുള്ള ചരിത്രപരമായ ബന്ധവും അടിവരയിടുന്നതാണ് ഈ സവിശേഷ പദവിയെന്ന് ഒമാൻ സാംസ്‌കാരിക മന്ത്രി സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി ഉദ്ഘാടന ചടങ്ങിൽ വ്യക്തമാക്കി. രാജ്യാന്തര വേദികളിൽ ഒമാന്റെ സാഹിത്യ സാംസ്‌കാരിക സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ഷാർജ പുസ്തകോത്സവം വലിയ അവസരമാണ് ഒരുക്കുന്നത്. സാംസ്‌കാരിക പൈതൃകവും ആധുനിക സർഗാത്മകതയും ഒത്തുചേരുന്ന സമഗ്രമായ പങ്കാളിത്തമാണ് ഇത്തവണ മേളയിൽ ഒമാൻ കാഴ്ചവെക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അറിവിന്റെയും ആശയങ്ങളുടെയും കൈമാറ്റത്തിന് ഈ വേദി പുതിയ ഊർജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമാൻ സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും സന്നദ്ധ സംഘടനകളും ഉൾപ്പെടെ 25 സ്ഥാപനങ്ങളും 17 പ്രമുഖ പ്രസാധകശാലകളുമാണ് പുസ്തകോത്സവത്തിൽ സജീവമായി അണിനിരക്കുന്നത്. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, എൻഡോവ്‌മെന്റ്-മതകാര്യ മന്ത്രാലയം, പൈതൃക-വിനോദസഞ്ചാര മന്ത്രാലയം, സുൽത്താൻ ഖാബൂസ് സർവകലാശാല, ദേശീയ രേഖാശേഖരണ അതോറിറ്റി എന്നിവയുടെ പങ്കാളിത്തം ഒമാൻ പവലിയനെ ഏറെ ആകർഷകമാക്കുന്നു. കൂടാതെ ഒമാനി സൊസൈറ്റി ഫോർ റൈറ്റേഴ്സ് ആൻഡ് ഓതേഴ്സ്, കൾച്ചറൽ ക്ലബ്ബ്, ഒമാൻ മെമ്മറി സെന്റർ, ബൈത്ത് അൽ സുബൈർ ഫൗണ്ടേഷൻ എന്നിവയും മേളയുടെ ഭാഗമാണ്. പ്രമുഖ എഴുത്തുകാരും ഗവേഷകരും ചിന്തകരും നയിക്കുന്ന 28 സാംസ്‌കാരിക പരിപാടികളാണ് ഒമാന്റെ നേതൃത്വത്തിൽ ഇവിടെ നടക്കുന്നത്. സാഹിത്യ ചർച്ചകൾ, ചരിത്ര പ്രഭാഷണങ്ങൾ, കവിയരങ്ങുകൾ, പരമ്പരാഗത സംഗീത-കലാ പ്രകടനങ്ങൾ, ശിൽപ്പശാലകൾ എന്നിവയിലൂടെ സന്ദർശകർക്ക് സമ്പന്നമായ ഒമാനി സംസ്‌കാരം നേരിട്ടനുഭവിക്കാൻ ഈ വേദി അവസരമൊരുക്കുന്നു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment