ദേശീയ ആയുർവ്വേദ ദിനാചരണത്തോട് അനുബന്ധിച്ച് ‘ആയുർവേദ ദിനം 2026’ എന്ന പരിപാടി അബുദാബിയിൽ നടന്നു.
അബുദാബി : ദേശീയ ആയുർവ്വേദ ദിനാചരണത്തോട് അനുബന്ധിച്ച് ‘ആയുർവേദ ദിനം 2026’ എന്ന പരിപാടി അബുദാബിയിൽ നടന്നു. അബുദാബി ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടെ എമിറേറ്റ്സ് ആയുർവേദ ഗ്രാജ്വേറ്റ്സ് അസോസിയേഷൻ (EAGA) ആണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ‘മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങൾക്കായി സംയോജിത ആരോഗ്യ പരിപാലന മാതൃക’ (Integrative Healthcare Model) എന്ന വിഷയത്തിൽ പരിപാടിയിൽ ചർച്ച നടത്തി. യു എ ഇ യിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, പത്നി ഡോ. അൽപന മിത്തൽ യു.എ.ഇ. ഇന്റഗ്രേറ്റീവ് മെഡിസിൻ കൗൺസിൽ അംഗം ഡോ. മറിയം അൽ അലി തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യയിലെ ആയുഷ് (AYUSH) മേഖലയിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും സംയോജിത ആരോഗ്യ പരിപാലന രീതിയുടെ ആവശ്യകതയെക്കുറിച്ചും ഇന്ത്യൻ അംബാസഡർ വിശദീകരിച്ചു.

ആരോഗ്യ കരമായ നാളേയ്ക്കായി ആയുർവേദം എന്ന വിഷയത്തിലുള്ള ബോധവൽക്കരണ വീഡിയോയും പ്രമുഖ വ്യക്തികളുടെ അനുഭവക്കുറിപ്പുകളും ഉൾപ്പെടുത്തി ക്കൊണ്ടാണ് പരിപാടി അരങ്ങേറിയത്. ഡോ. ഐശ്വര്യ ഗോപാലകൃഷ്ണൻ ചർച്ചക്ക് നേതൃത്വം നൽകി. അബുദാബിയിലെ ആരോഗ്യ പ്രവർത്തകരും മേഖലയിലെ സംരംഭകരും ഉൾപ്പെടെ നൂറോളം ചർച്ചയിൽ പങ്കെടുത്തു. ആയുഷ് മന്ത്രാലയത്തിന്റെ ആഹ്വാന പ്രകാരം 2016 മുതല്‍ ആയുർ വ്വേദത്തിന്റെ പ്രചരണാര്‍ത്ഥം ദേശീയ ആയുർവ്വേദ ദിനം ആചരിച്ചു വരുന്നു. ഓരോ ഇന്ത്യക്കാരനും ആയുര്‍വ്വേദത്തെ അറിയുക, പ്രയോജനപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പൾമണോളജിസ്റ്റായ ഡോ. സായിചരൻ ജി. ബോഡി, പരമ്പരാഗത-ആധുനിക ആരോഗ്യ പരിപാലന രീതികൾ സംയോജിപ്പിക്കുന്ന തിന്റെ യും, പ്രത്യേകിച്ച് ശ്വാസകോശ ആരോഗ്യത്തിനായി യോഗാഭ്യാസങ്ങൾ ഉൾപ്പെടുത്തുന്നതിന്റെയും പ്രാധാന്യത്തെ ക്കുറിച്ച് സംസാരിച്ചു. ദീർഘകാല രോഗാവസ്ഥകൾ കൈകാര്യം ചെയ്യുന്നതിൽ ധ്യാനത്തിന്റെയും മർമ്മ ചികിത്സയുടെയും പങ്ക് ജനറൽ പ്രാക്ടീഷണറായ ഡോ. വീണ പ്രമോദ് വിശദീകരിച്ചു. ഈ മേഖലയിലെ ആയുർവേദ ചികിത്സാ രീതികളെക്കുറിച്ച് ചർച്ച ചെയ്ത ആയുർവേദ ഡോക്ടർ ഷിജി സന്തോഷ്, സംയോജിത മാതൃകയുടെ ഗുണങ്ങൾ എടുത്തു പറഞ്ഞു. സംയോജിത ചികിത്സാ സംവിധാനത്തിൽ, പ്രത്യേകിച്ച് ആയുർ വേദത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൊണ്ടുവരുന്ന ഗുണ ദോഷങ്ങളെക്കുറിച്ച് ഡോ. ഐൻഷ ഹുദ സംസാരിച്ചു. കുടലിന്റെ ആരോഗ്യത്തിൽ TCAM-നുള്ള (പരമ്പരാഗത, പൂരക, ഇതര വൈദ്യശാസ്ത്ര രീതികൾ) പ്രാധാന്യത്തെക്കുറിച്ച് നാച്ചുറോപ്പത്തും ഫങ്ഷണൽ മെഡിസിൻ പ്രാക്ടീഷണറുമായ ഡോ. ശരണ്യ മായാദേവി സംസാരിച്ചു. TCAM-ഉം ആധുനിക വൈദ്യശാസ്ത്രവും (conventional medicine) സംയോജിപ്പിച്ചുള്ള ഒരു മാതൃകയെക്കുറിച്ച് ഹോമിയോപ്പത്ത് ഡോ. നാദിയ അബ്ദുൾ റഫീഖ് ചർച്ച ചെയ്തു. പരിപാടിയിലെ മികച്ച പങ്കാളി ത്തവും സജീവമായ ഇടപെടലുകളും യു. എ. ഇ. യുടെ ആരോഗ്യമേഖലയിൽ ആയുർവേദത്തെ സംയോജിപ്പിക്കുന്നതിനുള്ള അനുകൂലമായ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ചികിത്സകർ, ക്ലിനിക്ക് ഉടമകൾ, മരുന്ന് വിതരണക്കാർ, ആരോഗ്യ മേഖലയിലെ ബിസിനസ്സ് പ്രമുഖർ എന്നിവരടങ്ങുന്ന വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.