ദുബായ് വഴി യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഇനി എളുപ്പത്തിൽ എത്താം: ഫ്ലൈ ദുബായും എയർ ഇന്ത്യയും തമ്മിൽ ഇന്റർലൈൻ കരാറിൽ ഒപ്പുവെച്ചു.
യു.എ.ഇയിലെ പ്രവാസി മലയാളികൾക്കും മറ്റ് ഇന്ത്യൻ യാത്രക്കാർക്കും വൻ ആശ്വാസമേകി പ്രമുഖ വിമാനക്കമ്പനികളായ ഫ്ലൈ ദുബായും,എയർ ഇന്ത്യയും തമ്മിൽ ഇന്റർലൈൻ കരാറിൽ ഒപ്പുവെച്ചു. ദുബായ്, ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ വഴി ഇരു കമ്പനികളുടെയും സർവീസുകൾ സമന്വയിപ്പിച്ചാണ് പുതിയ നെറ്റ്‌വർക്ക് സംവിധാനം നിലവിൽ വരുന്നത്. പുതിയ ഇന്റർലൈൻ കരാർ പ്രകാരം എയർ ഇന്ത്യ യാത്രക്കാർക്ക് ദുബായ് വഴി ഫ്ലൈ ദുബായിയുടെ 52 പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് (യൂറോപ്പിലെ 23, മിഡിൽ ഈസ്റ്റിലെ 21, ആഫ്രിക്കയിലെ 6, സി.ഐ.എസ് രാജ്യങ്ങളിലെ 2 നഗരങ്ങൾ) എളുപ്പത്തിൽ കണക്റ്റിവിറ്റി ലഭിക്കും.ഫ്ലൈ ദുബായ് യാത്രക്കാർക്ക് ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ വഴി എയർ ഇന്ത്യയുടെ 69 വിമാന സർവീസുകളിലേക്ക് പ്രവേശനം ലഭിക്കും. ഇത് ഗൾഫിലെ ഭാരതീയ പ്രവാസികൾക്കും ബിസിനസ്സ്, ടൂറിസ്റ്റ് യാത്രക്കാർക്കും ഏറെ പ്രയോജനപ്പെടും.ഇരു വിമാനക്കമ്പനികളുടെയും കണക്റ്റിംഗ് യാത്രകൾ ഒറ്റ ടിക്കറ്റിൽ ബുക്ക് ചെയ്യാനും, ലഗേജുകൾ നേരിട്ട് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ട്രാൻസ്ഫർ ചെയ്യാനും സാധിക്കും.എയർ ഇന്ത്യയുമായും ഉസ്‌ബെക്കിസ്ഥാൻ എയർവേയ്‌സുമായും ചേർന്നുള്ള ഈ നീക്കം കിഴക്കൻ-പടിഞ്ഞാറൻ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഏവിയേഷൻ ഹബ്ബെന്ന നിലയിൽ ദുബായിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഫ്ലൈ ദുബായ് സി.ഇ.ഒ ഗെയ്ത് അൽ ഗെയ്ത് വ്യക്തമാക്കി.