മീലാദ് ഫെസ്റ്റ് 2026 ഞായറാഴ്ച അബുദാബിയിൽ നടക്കും.
അബുദാബി: ഐസിഎഫ് അബുദാബി റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ് 2026 (സെപ്റ്റംബർ 27, ഞായർ) നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് അബുദാബി ഇന്ത്യൻ കൾച്ചറൽ സെന്റർ ഓഡിറ്റോറിയത്തിലാണ് പരിപാടി.
അബുദാബി റീജിയനു കീഴിലെ എട്ട് ഡിവിഷനുകളിൽ നിന്നായി 200-ലധികം മത്സരാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, മാലപ്പാട്ട്, പ്രസംഗം, കഥാരചന, കവിതാരചന, ദഫ്മുട്ട്, ഗ്രൂപ്പ് സോങ്, ക്വിസ് തുടങ്ങി 11 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

യൂണിറ്റ്, ഡിവിഷൻ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചെത്തിയ പ്രതിഭകളാണ് റീജിയൻ തലത്തിൽ മാറ്റുരയ്ക്കുന്നത്. രാത്രി എട്ടിന് നടക്കുന്ന മീലാദ് ഫെസ്റ്റ് സമാപന സംഗമത്തിൽ ഐസിഎഫ് നേതാക്കളായ ഹംസ അഹ്സനി, ഷാഫി പട്ടുവം, ഹമീദ് പരപ്പ തുടങ്ങിയവർ സംബന്ധിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മീലാദ് ഫെസ്റ്റ് കൺവീനർ ഫഹദ് സഖാഫി ചെട്ടിപ്പടി അറിയിച്ചു.