സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചിച്ച് എം.എ യൂസഫലി
ലണ്ടൻ: സാംസ്കാരിക-കലാ രംഗത്ത് കേരളത്തിൻ്റെ പെരുമ ലോകമെമ്പാടും പ്രചരിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം ഏറെ ദു:ഖത്തോടെയാണ് അറിഞ്ഞത്. കലാ സംഘാടകൻ, സാംസ്കാരിക നായകൻ, നാടകരചയിതാവ് എന്നിങ്ങനെ വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിൻ്റെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടമാണ്. ലോകോത്തര കലാസംഗമമായ സൂര്യ ഫെസ്റ്റിവലിൻ്റെ ഉപജ്ഞാതാവായ അദ്ദേഹം കഴിഞ്ഞ അരനൂറ്റാണ്ടോളം കേരളത്തിൻ്റെ സാംസ്കാരിക-കലാ രംഗത്തെ നിറസാന്നിധ്യമായിരുന്നു. ബഹറൈൻ കേരളീയ സമാജം മുമ്പ് സംഘടിപ്പിച്ച ഒരു ചടങ്ങിൽ വെച്ചായിരുന്നു അദ്ദേഹവുമായി കൂടുതൽ അടുത്തറിയാൻ ഇടയായത്. അന്ന് കേരളീയ സമാജം നൽകിയ വിശ്വകലാ പുരസ്കാര തുക നിർധനരായ ഒരു കുടുംബത്തിന് വീട് വെച്ചുകൊടുക്കാൻ വിനിയോഗിക്കുമെന്ന അദ്ദേഹത്തിൻ്റെ പ്രഖ്യാപനത്തോടൊപ്പം ചേർന്ന് നിൽക്കാൻ സാധിച്ചത് മഹാനായ കലാപ്രവർത്തകനോടുള്ള ഒരു ആദരവായി ഞാൻ കാണുന്നു. കേരളത്തിൻ്റെ കലാരംഗത്തെ ഒരു അമൂല്യ പ്രതിഭയായിരുന്ന സൂര്യകൃഷ്ണമൂർത്തിയുടെ ആകസ്മികമായ ഈ നിര്യാണത്തിൽ എൻ്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.