‘ജിസിസി രാജ്യങ്ങൾക്ക് ഏകീകൃത മാധ്യമ നയം വേണം’; ജിസിസി സെക്രട്ടറി ജനറൽദുബൈയിൽ നടന്ന അറബ് മീഡിയ സമ്മിറ്റ് 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ദുബൈ: തെറ്റായ വാർത്തകളെയും വ്യാജപ്രചാരണങ്ങളെയും പ്രതിരോധിക്കുന്നതിനായി ഏകീകൃതമായ ഒരു ഗൾഫ് മാധ്യമ നയം വേണമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ആവശ്യപ്പെട്ടു. ദുബൈയിൽ നടന്ന അറബ് മീഡിയ സമ്മിറ്റ് 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് രാജ്യങ്ങളുടെ നിലപാടുകൾ കൃത്യമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും, തെറ്റായ വിവരങ്ങളോട് വേഗത്തിൽ പ്രതികരിക്കാനും സാധിക്കുന്ന ഒരു സംയുക്ത മാധ്യമ സംവിധാനത്തിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. സമീപകാലത്ത് മേഖലയിലുണ്ടായ സംഭവവികാസങ്ങൾ ജിസിസി രാജ്യങ്ങളിലെ മാധ്യമ സ്ഥാപനങ്ങൾ തമ്മിൽ ഏകോപനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ശക്തമാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ വാർത്തകളെയും തെറ്റായ പ്രചാരണങ്ങളെയും നേരിടുന്നതിനും, പരമ്പരാഗത-ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനും പര്യാപ്തമായ പ്രായോഗിക മാർഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു മാധ്യമ കാഴ്ചപ്പാടാണ് ജിസിസി രാജ്യങ്ങൾക്ക് ആവശ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.