സിദ്ധിമാസ്റ്റർ ഒരു സമരജീവതം പ്രകാശനം ചെയ്തു
പൊന്നാനി: പാലപ്പെട്ടി – വെളിയങ്കോട് പ്രദേശങ്ങളിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന സിദ്ധി മാസ്റ്ററുടെ ജീവിതത്തെ ആസ്പദമാക്കി മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റും മാധ്യമപ്രവർത്തകനുമായ സഫറുള്ള പാലപ്പെട്ടി എഴുതിയ ‘സിദ്ധിമാസ്റ്റർ ഒരു സമരജീവിതം’ നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി പ്രകാശനം ചെയ്തു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.സിദ്ധീഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഹന്ന ഹിദായത്ത് ആലപിച്ച ‘മനസ്സ് നന്നാവട്ടെ.മതമേതെങ്കിലുമാവട്ടെ
ജീവിതത്തിന്റെ സമസ്ത മേഖലകളിലും സത്യസന്ധതയുടെയും ധാർമ്മികതയുടെയും ആയിരം പൂക്കൾ വിരിയുന്ന നാടായ കേരളത്തിൽ പതുക്കെപ്പതുക്കെ കടന്നുവരുന്ന ശ്മശാന മണവുംനിറവുമുള്ള ആശയങ്ങളെ ചെറുത്തു തോൽപിക്കാൻ രാഷ്ട്രീയക്കാർ മാത്രം വിചാരിച്ചാൽ സാധ്യമാകില്ല എന്നും അതിനായി എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചു നിൽക്കണമെന്നും സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം ടി. ശശിധരൻ അഭിപ്രായപ്പെട്ടു.എല്ലാവരും ഒരുമിച്ചിരുന്ന് കലയും സാഹിത്യവും സംഗീതവും മതവും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന പൊതു ഇടങ്ങൾ കുറഞ്ഞു വരുന്നിടത്താണ് വിദ്വേഷത്തിന്റെ ഉദ്പാദകർ കൂടുകൂട്ടുന്നതെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എം. എം. നാരായണൻ പൊന്നാനിയുടെ ചരിത്രകാരൻ ടി. വി, അബ്ദുറഹിമാൻ കുട്ടിക്ക് ആദ്യപ്രതി നൽകിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസ് പുസ്തകത്തെ പരിചയപ്പെടുത്തി.വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ, മലപ്പുറം ഡിസിസി അംഗം ടി.പി. കേരളീയൻ, സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി മണ്ണത്തേരി ജയപ്രകാശ്, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ഐ. എം. അഷറഫ് എന്നിവർ ആശംസകൾ നേർന്നു. സഫറുള്ള പാലപ്പെട്ടി മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ സംഘാടക സമിതി അംഗം ആറ്റുണ്ണി തങ്ങൾ സ്വാഗതവും ജോ.കൺവീനർ നാസർ പൊറ്റാടി നന്ദിയും പറഞ്ഞു.