പട്രോളിങ്ങ് അടിമുടി പരിഷ്കരിക്കും: സുരക്ഷ ‘സ്മാർട്ടാക്കാൻ’ അബുദാബി പൊലീസ്.
അബുദാബിയിലെ റോഡുകൾ ഇനി കൂടുതൽ സുരക്ഷിതം. റോഡ് സുരക്ഷ ‘സ്മാർട്ടാക്കാൻ’ നൂതന സാങ്കേതികവിദ്യയുമായി അബുദാബി പൊലീസ്. നഗരപരിധിക്ക് പുറത്തുള്ള പ്രദേശങ്ങളിലെ സുരക്ഷാ പട്രോളിങ് സംവിധാനം അടിമുടി പരിഷ്കരിക്കാൻ കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സെയ്‌തൂൺ അൽ മുഹൈരി നേരിട്ട് ഇറങ്ങിയതോടെ റോഡ് സുരക്ഷയിൽ വലിയൊരു മാറ്റത്തിനു തുടക്കം. അപകടങ്ങൾ കുറയ്ക്കാനും അടിയന്തര സാഹചര്യങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ പ്രതികരിക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ പദ്ധതികൾക്കാണു തുടക്കം.

വാഹനങ്ങളിലെ പട്രോളിങ് എന്നതിലുപരി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളും തത്സമയ ഡേറ്റാ സംവിധാനങ്ങളും ഉപയോഗിച്ച് റോഡ് സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. നവീന സാങ്കേതിക വിദ്യയിലൂടെ അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ സമയം പരമാവധി കുറയ്ക്കും. ഗതാഗത നിയമങ്ങളിൽ യുവാക്കളുടെ അശ്രദ്ധ ഒഴിവാക്കാൻ ബോധവൽക്കരണം നടപ്പിലാക്കും. ഉദ്യോഗസ്ഥർക്കു ലോകോത്തര നിലവാരത്തിലുള്ള പരിശീലനം നൽകും.