വി.ടി.വി. ദാമോദരൻ “ഭാരത് സേവക് ഓണർ ദേശീയ പുരസ്കാരം” ഏറ്റുവാങ്ങി
അബുദാബി: കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത സേവക സമാജ് നൽകിവരുന്ന “ഭാരത് സേവക് ഓണർ ദേശീയ പുരസ്കാരം” പ്രമുഖ ഗാന്ധിയനും പ്രവാസി മലയാളിയും സാമൂഹ്യപ്രവർത്തകനുമായ വി.ടി.വി ദാമോദരൻ ഏറ്റുവാങ്ങി. തിരുവനന്തപുരം കവടിയാറിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ വെച്ച് ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി.എസ് ബാലചന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്. സ്വദേശത്തും വിദേശത്തും സമൂഹത്തിന്റെ ഉന്നമനത്തിനും സാമൂഹ്യപുരോഗതിക്കും നൽകിവരുന്ന സംഭാവനകളെ മുൻനിർത്തിയാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. പ്രവർത്തന നിരതനായിരിക്കെ പ്രസ്തുത അംഗീകാരത്തിനർഹനായ പ്രഥമ പ്രവാസി മലയാളിയാണ് വി. ടി. വി. സാഹിത്യ മേഘലകളിലെ കഴിവിനുള്ള അംഗീകാരമായി 2021 ൽ വി. ടി. വി. ക്ക് യു. എ. ഇ. ഗവണ്മെന്റിന്റെ പത്തു വർഷത്തെ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ പയ്യന്നൂർ കോൽക്കളി ഉൾപ്പെടെയുള്ള നാടൻ കലാപ്രചാരണത്തിനുള്ള അംഗീകാരമായി കേരള ഗവണ്മെന്റിന്റെ ഫോക്‌ലോർ അവാർഡ്, സാമൂഹിക പ്രവർത്തനങ്ങൾക്ക് UK കേന്ദ്രമായി പ്രവർത്തിക്കുന്ന യുക്മ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ അവാർഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങൾ വി. ടി. വി. ദാമോദരനെ തേടിയെത്തിയിട്ടുണ്ട്.