അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ – അബുദാബി ചെസ് അക്കാദമി ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് മെയ് 16, 17 ന്
അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അബുദാബി ചെസ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ഐ.ഐ.സി ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് 2026 മെയ് 16, 17 തീയതികളില്‍ ഐ.ഐ.സി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂനിയര്‍, സീനിയര്‍ എന്നീ രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖ കളിക്കാര്‍ മാറ്റുരയ്ക്കും.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നടന്നുവരുന്ന ടൂര്‍ണമെന്റുകളില്‍ നാല്‍പ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ചെസ് ടൂര്‍ണ്ണമെന്റ് കുറ്റമറ്റതാക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.മെയ് 16ന് ശനിയാഴ്ച വൈകീട്ട് 4 മണി മുതല്‍ അണ്ടര്‍-16 വിഭാഗത്തിലെ ജൂനിയര്‍ മത്സരങ്ങളും, മെയ് 17 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ഓപ്പണ്‍ കാറ്റഗറി മത്സരങ്ങളും നടക്കും. രണ്ട് വിഭാഗങ്ങളിലുമായി ക്യാഷ് അവാര്‍ഡുകള്‍, മെഡലുകള്‍, ട്രോഫികള്‍ എന്നിവ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ നടന്ന മത്സരങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മൂന്നു വർഷത്തിലേക്ക് കടക്കുന്ന ചെസ്സ് ടൂർണമെന്റ് കൂടുതൽ മികവോടെയും പങ്കാളിത്തത്തോടെയും നടത്താനുള്ള ഒരുക്കത്തിലാണ് സെന്റർ.

ഒരേസമയം നൂറിലധികം പേര്‍ക്ക് മത്സരിക്കാവുന്നവിധത്തിലുള്ള സൗകര്യങ്ങളാണ് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയിട്ടുള്ളത്. യുഎഇ പ്രഖ്യാപിച്ച കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തി നിരവധി പരിപാടികള്‍ സംഘടിപ്പിക്കാനുള്ള പദ്ധതികളും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ തയ്യാറാക്കി വരികയാണ്. അഞ്ചര പതിറ്റാണ്ടിനോടടുക്കുന്ന അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഇതിനകം തന്നെ വൈവിധ്യങ്ങളായ പരിപാടികൾ കൊണ്ട് പ്രവാസി ഇൻഡ്യക്കാർക്കിടയിൽ ഏറെ പ്രശംസനീയമാണ്.

വാര്‍ത്താ സമ്മേളനത്തില്‍ അബുദാബി ചെസ് അക്കാദമിക്കാദാമി ജനറല്‍ മാനേജര്‍ അഹമ്മദ് സദാഹ്, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ റഊഫ് അഹ്സനി, ജനറല്‍ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, മുതിര്‍ന്ന നേതാവ് യു അബ്ദുള്ള ഫാറൂഖി, വൈസ് പ്രസിഡന്റ് വി പി കെ അബ്ദുല്ല, ട്രഷറര്‍ അസീസ് കാളിയടന്‍, അഡ്മിന്‍ സെക്രട്ടറി അബ്ദുള്ള നദ്വി,പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ബാസിത് കായക്കണ്ടി, സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍ ഹംസ നടുവില്‍, സി കെ ഹുസൈന്‍ മലപ്പുറം, മുത്തലിബ് പയ്യന്നൂര്‍, റഫീഖ് പി.ടി., ഹൈദർ ബിൻ മൊയ്‌ദു, അനീഷ് മംഗലം എന്നിവര്‍ പങ്കെടുത്തു.