വില സുസ്ഥിരത ഉറപ്പുവരുത്തി ഷാർജ ലുലുവിൽ മന്ത്രിയുടെ സന്ദർശനം.
ഷാർജ: യുഎഇയിലെ വിപണികളിൽ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സാമ്പത്തിക – ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി ഷാർജയിൽ പരിശോധന നടത്തി. ഷാർജ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദർശനം നടത്തിയത്.
ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്കും വിതരണ ശൃംഖലയും നേരിട്ട് വിലയിരുത്തിയ മന്ത്രി, വിപണിയിലെ വില നിലവാരവും നിരീക്ഷിച്ചു. ലുലുവിലെ ഉൽപന്നങ്ങളുടെ ലഭ്യതയിലും വില നിയന്ത്രണത്തിലും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ മന്ത്രി സംതൃപ്തി അറിയിച്ചു.ആഗോള വിപണികളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങൾ വഴിയടക്കം അവശ്യസാധനങ്ങൾ എത്തിച്ച് വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കുന്നുണ്ടെന്ന് എം.എ. യൂസഫലി മന്ത്രിയെ ധരിപ്പിച്ചു.

ഏതു സാഹചര്യത്തിലും ഉൽപന്നങ്ങളുടെ കൃത്യമായ വിതരണവും വില സ്ഥിരതയും ലുലു ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ലുലു ഗ്രൂപ്പ് നടത്തുന്ന മികവാർന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി, മന്ത്രാലയത്തിന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.