ശൈഖ ബുദൂറിന്‍റെ ‘ദ കോൺഫറൻസ് ഓഫ് ദി ബേർഡ്സ്’ പ്രകാശനം ചെയ്തു
ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കലിമാത് ഗ്രൂപ്പ് സ്ഥാപകയും സി.ഇ.ഒയുമായ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ പുതിയ പുസ്തകം ‘ദ കോൺഫറൻസ് ഓഫ് ദി ബേർഡ്സ്’ പ്രകാശനം ചെയ്തു. കലിമാത് ഗ്രൂപ്പിന്റെ പ്രസാധന വിഭാഗമായ ‘കലിമാത്’ അറബിയിലും ഇംഗ്ലീഷിലുമായി പുറത്തിറക്കിയ പുസ്തകത്തിന്‍റെ ഒപ്പുവെച്ച കോപ്പികൾ സ്വന്തമാക്കാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഫരീദ് അൽ-ദിൻ അത്താർ എന്ന പ്രശസ്ത കവിയുടെ ഇതേ പേരിലുള്ള ക്ലാസിക് കൃതിയെ ആസ്പദമാക്കിയാണ് എട്ടു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി ഈ പുസ്തകം പുനരാവിഷ്കരിച്ചിരിക്കുന്നത്.
നൂഷിൻ സാദെഗിയാൻ എന്ന ചിത്രകാരന്റെ ആകർഷകമായ ചിത്രീകരണങ്ങളോടെയാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. മലിനീകരണത്താൽ കാടുകൾ നശിക്കുകയും ആകാശം കറുത്തിരുളുകയും ചെയ്യുന്ന ഒരു ലോകത്ത്, ജ്ഞാനിയായ ഹൂപ്പൂ പക്ഷിയുടെ ആഹ്വാനം കേട്ട് വാഖ് വാഖ് മരച്ചുവട്ടിൽ വിവിധതരം പക്ഷികൾ ഒത്തുചേരുന്നതാണ് കഥാസന്ദർഭം. തങ്ങളുടെ ലോകത്തെ രക്ഷിക്കാനായി സിമോർഗ് എന്ന ഇതിഹാസ പക്ഷിയെ തേടി ഏഴ് താഴ്‌വരകളിലൂടെ അവർ നടത്തുന്ന സാഹസിക യാത്രയാണ് കഥ പറയുന്നത്. നേരത്തെ ‘ഹൗസ് ഓഫ് വിസ്ഡം’ എന്ന പുസ്തകത്തിന് 2025-ലെ പ്രശസ്തമായ ബോലോഗ്ന റഗാസി അവാർഡ് നേടിയിട്ടുണ്ട് ശൈഖ ബുദൂർ.