‘എന്തുകൊണ്ടാണ് ലോകം മുഴുവൻ ക്രൈം ഫിക്ഷൻ വായിക്കുന്നത് ?’ : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംവാദം.
ഷാർജ: ‘എന്തുകൊണ്ടാണ് ലോകം മുഴുവൻ ക്രൈം ഫിക്ഷൻ വായിക്കുന്നത്?’ ഈ ചോദ്യത്തിന് ഉത്തരം തേടിയാണ് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുറ്റാന്വേഷണ സാഹിത്യത്തോടുള്ള വായനക്കാരുടെ താൽപര്യത്തെക്കുറിച്ചും അതിന്‍റെ കാരണങ്ങളെക്കുറിച്ചുമുള്ള സംവാദം സംഘടിപ്പിച്ചത്. ചർച്ചയിൽ ഈജിപ്ഷ്യൻ നോവലിസ്റ്റ് നോഹ ദാവൂദും ബ്രിട്ടീഷ് എഴുത്തുകാരി ക്ലെയർ മക്കിന്‍റോഷും പങ്കെടുത്തു. ഷാർജ പുസ്തകോത്സവത്തിലെ ‘ത്രില്ലർ ഫെസ്റ്റിവലി’ന്‍റെ ഭാഗമായാണ് ഈ സെഷൻ ഒരുക്കിയത്. കുറ്റവാളിയെ കണ്ടെത്തുക എന്നതിലുപരി നീതി, മനുഷ്യന്‍റെ പെരുമാറ്റങ്ങൾ, ധാർമാകമായ തീരുമാനങ്ങൾ എന്നിവയാണ് ക്രൈം നോവലുകളെ ജനപ്രിയമാക്കുന്നതെന്ന് എഴുത്തുകാർ അഭിപ്രായപ്പെട്ടു.
യഥാർഥ ജീവിതത്തിൽ പലപ്പോഴും ലഭിക്കാത്ത നീതിയും വ്യക്തമായ ഉത്തരങ്ങളും ഇത്തരം പുസ്തകങ്ങളിൽ നിന്ന് വായനക്കാർക്ക് ലഭിക്കുന്നുവെന്ന് നോഹ ദാവൂദ് ചൂണ്ടിക്കാട്ടി. ദുരൂഹതകൾ അഴിച്ചെടുക്കാൻ ശ്രമിക്കുന്നത് വായനക്കാരെ മാനസികമായി വ്യാപൃതരാക്കാനും സഹായിക്കുന്നു. നല്ല മനുഷ്യർ ചിലപ്പോൾ മോശം കാര്യങ്ങൾ ചെയ്യുന്നതും, തിരിച്ചും സംഭവിക്കുന്നതുമാണ് കഥയെ കൂടുതൽ താത്പര്യമുള്ളതാക്കുന്നതെന്ന് ക്ലെയർ മക്കിന്‍റോഷ് പറഞ്ഞു. അതിനായി വായനക്കാർക്ക് എളുപ്പത്തിൽ സ്വയം ബന്ധപ്പെടുത്താൻ കഴിയുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. കുറ്റാന്വേഷണ കഥകളെഴുതുന്നത് വായനക്കാരനുമായി നടത്തുന്ന ഒരു പൂച്ചയും എലിയും കളി പോലെയാണെന്നും, എഴുത്തുകാരൻ നൽകുന്ന സൂചനകളിലൂടെ വായനക്കാരൻ സ്വയം നിഗമനങ്ങളിൽ എത്തിച്ചേരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.