കുടുംബക്ഷേമവും കരുതലും ഉറപ്പാക്കി അഡ്‌കൂപ്പിന്റെ റമദാൻ 2026 കാമ്പയിൻ ആരംഭിച്ചു; 4,000 ഉൽപ്പന്നങ്ങൾക്ക് 60% വരെ വിലക്കിഴിവ്.
അബുദാബി : നാലായിരത്തിലേറെ ഉൽപന്നങ്ങൾക്ക് 60 ശതമാനം വരെ വിലക്കിഴിവുമായി ആഡ്കോപ് (അബുദാബി കോഓപറേറ്റീവ് സൊസൈറ്റി) റമസാൻ ക്യാംപെയ്ന് തുടക്കം. ഇതിൽ റമസാനുമായി ബന്ധപ്പെട്ട 1,500 ഉൽപന്നങ്ങൾക്ക് പ്രത്യേക വിലക്കുറവുണ്ടാകും.കുടുംബ വർഷാചരണത്തിന്റെ ഭാഗമായി കുടുംബക്ഷേമത്തിനും സമൂഹത്തിന്റെ പിന്തുണയ്ക്കും മുൻഗണന നൽകിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. റമസാൻ ക്യാംപെയിന് വേണ്ടി 2 കോടി ദിർഹമാണ് ആഡ്കോപ് നീക്കിവച്ചത്.
അവശ്യസാധനങ്ങൾ അടങ്ങിയ രണ്ട് റമസാൻ കിറ്റുകളും പുറത്തിറക്കി. 99 ദിർഹം, 149 ദിർഹം വിലയുള്ള കിറ്റുകൾ ഓൺലൈനായും നേരിട്ടും വാങ്ങാം. റമസാനിൽ 30,000 പേർക്ക് ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുമെന്നും ആഡ്കോപ് പ്രഖ്യാപിച്ചു.12,000 ഇഫ്താർ കിറ്റുകളും ശാഖകളിൽ ലഭ്യമാക്കും. അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പുമായി സഹകരിച്ച് സ്വദേശികൾക്കുള്ള ഭക്ഷ്യ സബ്‌സിഡി ഉൽപന്നങ്ങൾ ലഭ്യമാക്കും.

സ്വദേശി വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഷംഖയിലെ ആഡ്കോപ് ശാഖയിൽ പ്രത്യേക റമസാൻ മാർക്കറ്റും ഒരുക്കും. പ്രാദേശിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും അവസരമുണ്ടാകും. റമസാനിൽ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം നിലവാരമുള്ള ഭക്ഷണസാധനങ്ങൾ മിതമായ നിരക്കിൽ എല്ലാവരിലും എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആഡ്കോപ് റീട്ടെയ്ൽ സിഇഒ ബെർട്രാൻഡ് ലൂമെയ് പറഞ്ഞു. ഉപഭോക്താക്കൾക്ക് അഡ്‌കൂപ്പ് ആപ്പ്, ഇൻസ്റ്റാഷോപ്പ്, തലാബത്ത് എന്നീ ആപ്പ് വഴി ഓർഡർ ചെയ്താൽ സാധനങ്ങൾ വീട്ടിലെത്തും.