ഐ സി എ ഐ അബുദാബി ചാപ്റ്ററിന്റെ 37-ാമത് വാർഷിക സെമിനാർ ‘തരംഗ് 26’യും രണ്ടാം ജി സി സി വാർഷിക സി എ കോൺഫറൻസും അബുദാബിയിൽ സംഘടിപ്പിച്ചു.
അബുദാബി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച 37-ാമത് വാർഷിക സെമിനാർ ‘തരംഗ് 26: Waves of Transformation, Bridging Nations’ ജനുവരി 10, 11 തീയതികളിൽ അബുദാബിയിലെ കോൺറാഡ് എതിഹാദ് ടവേഴ്സിൽ വച്ച് നടന്നു. ജി സി സി മേഖലയിലെ എല്ലാ ആറു ഐ സി എ ഐ ചാപ്റ്ററുകളും ഒന്നിച്ചെത്തിയ രണ്ടാമത് ജി സി സി വാർഷിക സി എ കോൺഫറൻസും ഇതോടൊപ്പം സംഘടിപ്പിച്ചു. ധനകാര്യ മേഖലയിലെ വിദഗ്ധർക്കിടയിൽ ആശയവിനിമയം, നവീകരണം, രാജ്യാന്തര സഹകരണം എന്നിവയ്ക്ക് ഈ സംയുക്ത വേദി ശക്തമായ അവസരമായി.

“തരംഗ് 26” എന്ന ആശയം തിരമാലകളുടെ ചലനത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊള്ളുന്നത്. പുരോഗതി, ബന്ധം, ആശയങ്ങളുടെ തുടർച്ചയായ ഒഴുക്ക് എന്നിവയെ ഇത് പ്രതിനിധീകരിക്കുന്നു. ഇന്ത്യ, യുഎഇ, ജി സി സി രാജ്യങ്ങൾ എന്നിവ തമ്മിലുള്ള സഹകരണവും ധനകാര്യ രംഗത്തെ മാറ്റങ്ങളുടെ യാത്രയുമാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20-ലധികം പ്രമുഖർ സെമിനാറിൽ പങ്കെടുത്തു. ധനകാര്യം, നേതൃപാടവം, നവീകരണം, പരിവർത്തനം തുടങ്ങിയ വിഷയങ്ങളിൽ അവർ പ്രഭാഷണങ്ങൾ നടത്തി.
വ്യവസായ വികസന വിഭാഗം ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഇബ്തിസാം അൽസാദി, യുഎഇ നീതി മന്ത്രാലയത്തിലെ ചീഫ് ഇൻനൊവേഷൻ ഓഫീസർ ഡോ.അബ്ദുള്ള സുലൈമാൻ അൽഹമ്മദി, ക്രിപ്റ്റോ.കോ (യുഎഇ) പ്രസിഡൻറ് H.E. മുഹമ്മദ് അൽ ഹക്കീം, ലിവാ ക്യാപിറ്റൽ അഡ്വൈസേഴ്‌സ് സഹസ്ഥാപകനും മാനേജിംഗ് പാർട്ണറുമായ ഹാഷിം കുദ്സി, ഇന്ത്യയിലെ രാജ്യസഭ എംപി രാഘവ് ചദ്ദ, സാഹസിക യാത്രികനും പരിസ്ഥിതി പ്രവർത്തകനുമായ മിച്ച് ഹച്ച്ക്രാഫ്റ്റ്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ എന്നിവർ പ്രധാന അതിഥികളായി പങ്കെടുത്തു.

സെമിനാറിനിടെ ബി എൻ ഡബ്ലിയു ഡെവലപ്മെന്റ്സിന്റെ ചെയർമാനും സ്ഥാപകനുമായ സി എ അങ്കൂർ അഗർവാളിന് ബിസിനസ് എക്സലൻസ് അവാർഡും, റോയൽ ഗ്രൂപ്പിന്റെ സി എഫ് ഓ സി എ രാംചന്ദ്രയ്ക്ക് ഫിനാൻസ് എക്സലൻസ് അവാർഡും സമ്മാനിച്ചു. പ്രശസ്ത ബോളിവുഡ് ഗായകൻ പാപ്പോണിന്റെ ലൈവ് സംഗീത പരിപാടിയോടൊപ്പം നടന്ന ഗാല ഡിന്നറോടെയാണ് സമ്മേളനം സമാപിച്ചത്.