PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജ രാജ്യാന്തര പുസ്തകമേളയിൽ വായനക്കാരുമായി സംവദിച്ചു കെ.ആർ. മീര

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വായനക്കാരുമായി സംവദിച്ചു കെ.ആർ. മീര

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വായനക്കാരുമായി സംവദിച്ചു കെ.ആർ. മീര

ഷാർജ : എങ്ങനെ പ്രണയിക്കണമെന്ന് പുരുഷന്മാരെ പഠിപ്പിക്കാൻ താൻ ശ്രമിച്ചിട്ടും അത് നടന്നില്ലെന്ന് എഴുത്തുകാരി കെ.ആർ. മീര. സഹജീവിതത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവയ്ക്കലിന്റെയും അഹന്ത അഴിച്ചുവയ്ക്കലിന്റെയും വിമോചനം എന്തെന്ന് പുരുഷന്മാർക്ക് അറിയില്ല. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വായനക്കാരുമായി സംവദിക്കുകയായിരുന്നു അവർ.

ഒരു ഫാസിസ്റ്റ് സംവിധാനം പോലെയാണ് കുടുംബങ്ങൾ പ്രവർത്തിക്കുന്നത്.‌‌‌ എല്ലാത്തരം ആക്രമണങ്ങളുടെയും തുടക്കം വീട്ടിൽ നിന്നാണ്. മതവും സമൂഹവും നമ്മെ ആക്രമിക്കുന്നത് പോലും കുടുംബത്തിനകത്ത് നിന്നാണ്. ഈ ഫാസിസം ഒരു വിരുന്നാണെങ്കിൽ സ്ത്രീവിരുദ്ധതയാണ് അതിന്റെ തീ, പിതൃമേധാവിത്വമാണ് അതിന്റെ അടുപ്പ്. സമൂഹത്തിൽ യഥാർഥ മാറ്റം സംഭവിക്കണമെങ്കിൽ ആദ്യമായി വീട്ടിൽ സമത്വമുണ്ടാകണം. ഒരു സ്ത്രീ, കാരണം വെളിപ്പെടുത്താതെ തന്നോട് തന്നെ മന്ദഹസിക്കുക എന്നതിനപ്പുറം മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന, അസ്വസ്ഥപ്പെടുത്തുന്ന, ആശങ്കപ്പെടുത്തുന്ന മറ്റൊരു സംഗതിയില്ല. സ്ത്രീക്ക് രഹസ്യങ്ങൾക്ക് പാടില്ലെന്നാണ് സമൂഹം വിചാരിക്കുന്നത്; അവളുടേത് മാത്രമായി ഒരു പുഞ്ചിരി പോലും പാടില്ലെന്ന ശാഠ്യം സമൂഹത്തിനുണ്ട്.

ആൺകോയ്മ അഥവാ പുരുഷമേധാവിത്തം നിലനിൽക്കുന്നത് പോലും സ്ത്രീയുടെ ചിരിയെ നിയന്ത്രിച്ചുകൊണ്ടാണ്. മാത്രമല്ല, ഒരു സ്ത്രീ മനസ്സ് തുറന്ന് ചിരിക്കുന്നത് മറ്റ് സ്ത്രീകൾക്ക് പോലും ഇഷ്ടമല്ല എന്നതാണ് യാഥാർഥ്യം. മറ്റുള്ളവരുടെ സന്തോഷം ഇഷ്ടപ്പെടുക, വെറുക്കാതിരിക്കുക എന്നത് വലിയ സാമൂഹിക പുരോഗതിയുടെ ലക്ഷണമാണ്. അതിലേക്ക് നാം എത്തുന്നത് തടയുന്നവരെ സൂക്ഷിക്കണം. സ്ത്രീ ശാക്തീകരിക്കപ്പെടണമെങ്കിൽ സ്ത്രീ തന്നെ വിചാരിക്കണം. എഴുത്തിനും ബോധവത്കരണ ക്ലാസുകൾക്കും അത് ചെയ്യാനാവില്ല. സ്വയം ശാക്തീകരിക്കാൻ തയ്യാറാകുന്ന സ്ത്രീയെ തടയാൻ ആർക്കും സാധ്യമല്ല.

താൻ ഒരു സൈക്കോ എഴുത്തുകാരിയാണെന്നും ക്രൂരമായ കാര്യങ്ങളാണ് എഴുതുന്നതെന്നും ജെൻ സീ തലമുറയിലെ കുട്ടികൾ പറഞ്ഞുതുടങ്ങിയിട്ടുണ്ടെന്ന് മീര തമാശയായി പറഞ്ഞു. ചില കഥാപാത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പരാമർശം. ഇങ്ങനെയൊക്കെ എഴുതിയിട്ട് പോലും ആണെഴുത്തുകാരുടെ കൂടെ പിടിച്ചുനിൽക്കാൻ വലിയ പ്രയാസമാണ്. പഴയതുപോലെ നിലാവ്, ചന്ദ്രൻ, പുഴ എന്നിവയെക്കുറിച്ചൊക്കെ എഴുതിയാൽ തന്നെ വെച്ചേക്കുമോ എന്ന ചോദ്യവും മീര ഉന്നയിച്ചു. എഴുതുന്ന സ്ത്രീകളെ പുരുഷന്മാർ പ്രോത്സാഹിപ്പിക്കാറില്ല, എവിടെയെങ്കിലും ചവിട്ടിത്താഴ്ത്താൻ ഇടമുണ്ടെങ്കിൽ അത് ചെയ്തിരിക്കും. തന്റെ പുതിയ പുസ്തകമായ ‘കലാച്ചി’യെ മീര പരിചയപ്പെടുത്തി. തുടർന്ന് ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും പുസ്തകങ്ങൾ ഒപ്പിട്ടു നൽകുകയും ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ ഗീതാഞ്ജലിയായിരുന്നു മോഡറേറ്റർ.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment