ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് നവംബർ 5 ന് തുടക്കമാകും
ഷാർജ: ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് നവംബർ 5 ന് തുടക്കമാകും.”നിങ്ങൾക്കും പുസ്തകത്തിനും ഇടയിൽ” എന്ന പ്രമേയത്തിൽ ആണ് ഇത്തവണ പുസ്തകമേള നടക്കുന്നത്. നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പ്രിയപ്പെട്ട പുസ്തകമേള നടക്കുന്നത്. മേളയുടെ ഔദ്യോഗിക അതിഥി രാഷ്ട്രമായി ഗ്രീസിനെ പ്രഖ്യാപിച്ചു. അപൂർവ കൈയെഴുത്തുപ്രതികൾ, ചരിത്രരേഖകൾ, ആധുനിക സാഹിത്യകൃതികൾ എന്നിവയുടെ പ്രദർശനവും പ്രമുഖ ചിന്തകരുമായുള്ള സംവാദങ്ങളും സാംസ്കാരിക ബന്ധം ദൃഢമാക്കും.വായനക്കാരനും എഴുതപ്പെട്ട വാക്കുകളും തമ്മിലുള്ള പ്രതീകാത്മക ബന്ധത്തിന് അടിവരയിടുന്നതാണ് ഈ വർഷത്തെ പ്രമേയം. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്കാരിക ദർശനത്തിന്റെ തുടർച്ചയാണ് ഈ മേളയെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേറി പറഞ്ഞു. 12 ദിവസത്തെ മേളയിൽ ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ എഴുത്തുകാർ, സ്രഷ്ടാക്കൾ, പ്രസാധകർ എന്നിവർ അണിനിരക്കും. പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ, സംവേദനാത്മക ശില്പശാലകൾ എന്നിവ ഉൾപ്പെടെയുള്ള സമ്പന്നമായ സാംസ്കാരിക പരിപാടികൾ മേളയിലുടനീളം നടക്കും. മേളയ്ക്ക് മുന്നോടിയായി 14-ാമത് ഷാർജ പബ്ലിഷേഴ്‌സ് കോൺഫറൻസ് നവംബർ 2 മുതൽ 4 വരെ നടക്കും. കൂടാതെ മേളയുടെ ഭാഗമായി 12-ാമത് ഷാർജ രാജ്യാന്തര ലൈബ്രറി കോൺഫറൻസ് നവംബർ 8 മുതൽ 10 വരെ നടക്കും.