കെ. എസ്. സി.യും മലയാളം മിഷനും കേരളപ്പിറവിദിനം ആഘോഷിച്ചു
അബുദാബി : കേരളപ്പിറവിയുടെ എഴുപതാം വാർഷികം കേരള സോഷ്യൽ സെന്ററും മലയാളം മിഷൻ അബുദാബി ചാപ്റ്ററും സംയുക്തമായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു,
സെന്റർ പ്രസിഡന്റ് ടി. കെ. മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടികൾ മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാൻ എ. കെ. ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.
എം. ടി. വാസുദേവൻ നായർ രചിച്ച ഭാഷാ പ്രതിജ്ഞ മലയാളം മിഷൻ സുഗതാഞ്ജലി ചാപ്റ്റർതല കാവ്യാലാപന മത്സര വിജയി എം. എസ്. മാധവ് ചൊല്ലിക്കൊടുത്തുകൊണ്ടാണ് സാംസ്കാരിക സമ്മേളനം ആരംഭിച്ചത്.
ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി ലിംസൺ കെ. ജേക്കബ്, മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ, യുവകലാ സാഹിതി പ്രസിഡന്റ് മനു കൈനകരി, ഫ്രെണ്ട്സ് എഡിഎംഎസ് വനിതാവിഭാഗം കൺവീനർ ശാലിനി അഭിലാഷ്, സെന്റർ വനിതാവിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ ബാലവേദി പ്രസിഡന്റ് നയനിക ശ്രീജിഷ് എന്നിവർ ആശംസകൾ നേർന്നു.
കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഡ്രോയിങ്ങ് – പെയിന്റിങ്ങ് മത്സരങ്ങളിലെയും, അധ്യാപകർക്കായി സംഘടിപ്പിച്ച കാവ്യാലാപന മത്സരത്തിലെയും സുഗതാഞ്ജലി ചാപ്റ്റർ തല മത്സരങ്ങളിലെയും വിജയികൾക്കുമുള്ള സമ്മാനങ്ങൾ പ്രസ്തുത വേദിയിൽ വെച്ച് വിതരണം ചെയ്തു. മലയാളം മിഷൻ അധ്യാപകർക്കായുള്ള സംസ്ഥാന സർക്കാരിന്റെ ബാഡ്ജും പ്രസ്തുത വേദിയിൽ വെച്ച് വിതരണം ചെയ്തു.
മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി ബിജിത് കുമാർ സ്വാഗതവും കേരള സോഷ്യൽ സെന്റർ ജോ. സെക്രട്ടറി സ്മിത ധനേഷ് നന്ദിയും പറഞ്ഞു.
തുടർന്ന് അധ്യാപകർ ആലപിച്ച സ്വാഗതഗാനത്തോടെ ആരംഭിച്ച കലാപരിപാടികളിൽ മലയാളം മിഷൻ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഘനൃത്തം, അധ്യാപകർ അവതരിപ്പിച്ച കാവ്യ കേളി, കേരള സോഷ്യൽ സെന്റർ കലാകാരന്മാർ അവതരിപ്പിച്ച ‘ഏക് ദേശ് കി കഹാനി’ എന്ന ചിത്രീകരണവും അരങ്ങേറി. കലാപരിപാടികൾക്ക് ഡോ. സുജ സവിധം നേതൃത്വം നൽകി.
പെയിന്റിങ്ങ് – ഡ്രോയിങ്ങ് – കളറിങ്ങ് മത്സരം;
ഹെയ്സിൻ അൻവറും ചന്ദന രജനീഷും കൈവല്യ അഭിലാഷും ജേതാക്കൾ
അബുദാബി : കേരളപ്പിറവിദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെൻ്റർ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ‘എൻ്റെ കേരളം’ ‘കേരളത്തിൻ്റെ ഗ്രാമീണ ഭംഗി’ എന്നീ വിഷയങ്ങളിൽ അടിസ്ഥാനപ്പെടുത്തിയാണ് മത്സരം സംഘടിപ്പിച്ചത്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി കളറിംഗ് മത്സരവും, 6 വയസ്സ് മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്കായി പെൻസിൽ ഡ്രോയിങ് മത്സരവും, 10 മുതൽ 15 വരെയുള്ള കുട്ടികൾക്ക് വാട്ടർ കളർ പെയിൻറിംഗ് മത്സരവും ആണ് സംഘടിപ്പിച്ചത്. മൂന്നു വിഭാഗങ്ങളിലുമായി നൂറിലേറെ കുട്ടികൾ പങ്കെടുത്തു.കളറിങ്ങ് മത്സരത്തിൽ ഹെയ്സിൻ അൻവർ, അമീന മറിയം എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ മൂന്നാം സ്ഥാനം ദക്ഷിത് മാധവും ഗായത്രി പട്ടത്തും പങ്കിട്ടു.പെൻസിൽ ഡ്രോയിങ് മത്സരത്തിൽ ചന്ദന രജനീഷ് ഒന്നാം സ്ഥാനവും ഐഷാ മെഹറിനും ആയുഷിയും രണ്ടാം സ്ഥാനവും നേടിയപ്പോൾ ശ്രേയസ് ഗോപകുമാറും നതാനിയ മറിയവും മൂന്നാം മൂന്നാം സ്ഥാനം വീതിച്ചെടുത്തു.പെയിൻ്റിങ്ങ് മത്സരത്തിൽ ഒന്നാം സ്ഥാനം കൈവല്യ അഭിലാഷും, ഗോപാലൻ ഗോപാലകൃഷ്ണനും പങ്കിട്ടപ്പോൾ ഐഷാ നസ്ലിനും നൈനാ ഷെരീഫിനുമായിരുന്നു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. ചിത്രകാരന്മാരായ അശോകൻ, അബ്ദുൽ കലാം, സലീം അബ്ദുൽ ഖാദർ എന്നിവരായിരുന്നു വിധികർത്താക്കൾ.