ഒരു മാവേലിക്കരക്കാരി ഇക്കുറി മിസ് യൂണിവേഴ്സാകുമോ? ഇലക്ട്രിക് ബ്ലു സ്വിം സ്യൂട്ടണിഞ്ഞ് വേദിയെ ഇളക്കിമറിച്ച് കെസിയ:പ്രതീക്ഷയോടെ അബുദാബിയിലെ പ്രവാസികൾ.
അബുദാബി : 75-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ പ്രാഥമിക റൗണ്ടുകളിൽ ഇന്ത്യയുടെ അഭിമാനമുയർത്തി മലയാളി സുന്ദരി കെസിയ ലിസ് മെജോ.ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയയുടെ ബാല്യവും സ്‌കൂള്‍ ജീവിതത്തിന്റെ പ്രധാന ഭാഗവും അബൂദബിയിലായിരുന്നു. മത്സരം നടക്കുന്ന വേളയിൽ പ്രതീക്ഷയോടെയാണ് അബുദാബിയിലെ പ്രവാസികൾ. ഇലക്ട്രിക് ബ്ലൂ നിറത്തിലുള്ള ടു-പീസ് സ്വിംസ്യൂട്ടിലാണ് കെസിയ റാമ്പിലെത്തിയത്. ‘ഹിപ്‌നോട്ടിക്ക’ എന്ന് പേരിട്ട കസിയയുടെ ഊർജ്ജസ്വലമായ ചുവടുവെപ്പുകളും ആത്മവിശ്വാസവും ഓൺലൈനിൽ വലിയ കൈയടി നേടി. അവസാന നിമിഷത്തെ മാറ്റങ്ങൾക്കിടയിലും കസിയ വേദിയിൽ തിളങ്ങിയെന്ന് റൺവേ കോച്ച് അർണിഷ് ഇംപിഷ ദൈമരി പ്രശംസിച്ചു. നാഷണൽ കോസ്റ്റ്യൂം, ഈവനിംഗ് ഗൗൺ എന്നീ നിർണായക റൗണ്ടുകളിലും അതിമനോഹരമായ പ്രകടനമാണ് കസിയ കാഴ്ചവെച്ചത്. കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും ഇന്ത്യയുടെ വൈവിധ്യമാർന്ന നെയ്ത്ത് പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു കെസിയയുടെ നാഷണൽ കോസ്റ്റ്യൂം. കേരളവും ലാറ്റിനമേരിക്കൻ ഭൂഖണ്ഡവും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ ആഘോഷമാണ് ഈ വസ്ത്രമെന്ന് കെസിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഹൗസ് ഓഫ് സിദ്ധാന്ത് ആണ് ഈ വസ്ത്രം രൂപകൽപ്പന ചെയ്തത്. ആതിഥേയ രാജ്യമായ പ്യൂർട്ടോ റിക്കോയുടെ വർണ്ണങ്ങളും കേരളത്തിന്റെ പ്രകൃതിഭംഗിയും വാസ്തുവിദ്യാ വൈഭവവും സമന്വയിപ്പിച്ച ഈ വസ്ത്രം വെറും 5 ദിവസം കൊണ്ട് 16 പേർ ചേർന്നാണ് പൂർത്തിയാക്കിയത്.2007-ൽ അബുദാബിയിൽ ജനിച്ച കസിയ, 2024-ൽ മിസ് ടീൻ ദിവ കിരീടവും, 2025-ൽ മിസ് ടീൻ ഇന്റർനാഷണലിൽ ഫസ്റ്റ് റണ്ണർ-അപ്പ് സ്ഥാനവും നേടിയിരുന്നു. സുസ്മിത സെൻ (1994), ലാറ ദത്ത (2000), ഹർനാസ് സന്ധു (2021) എന്നിവർക്ക് ശേഷം ഇന്ത്യയിലേക്ക് നാലാം തവണയും മിസ് യൂണിവേഴ്‌സ് കിരീടം എത്തിക്കാൻ കസിയയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. പുതിയ വജ്രക്കിരീടത്തിനൊപ്പം ഒരു വർഷത്തേക്ക് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷന്റെ ആഗോള അംബാസഡറായി പ്രവർത്തിക്കാനുള്ള അവസരവും സാമ്പത്തിക ആനുകൂല്യങ്ങളുമാണ് വിജയിയെ കാത്തിരിക്കുന്നത്.