ഫ്ലൈ ദുബൈ വിമാനത്തിലെ ജീവനക്കാരെ രക്ഷിച്ചതിന് ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ യുഎഇ പ്രസിഡന്‍റ്
ദുബൈ: ദുബൈ -തെൽ അവീവ് ഫ്ലൈ ദുബൈ വിമാനത്തിലെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ധീരമായി ഇടപെട്ട ഫ്ലൈദുബൈ വിമാനത്തിലെ ജീവനക്കാരെ ആദരിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. വിമാനത്തിലുണ്ടായ സംഭവത്തിനിടെ യാത്രക്കാരുടെ ജീവൻ രക്ഷിക്കുകയും വിമാനം സുരക്ഷിതമായി ഇറക്കുകയും ചെയ്ത ജീവനക്കാർക്ക് ഓർഡർ ഓഫ് സായിദ് II ഫസ്റ്റ് ക്ലാസ് മെഡലാണ് സമ്മാനിച്ചത്. വിമാനത്തിലെ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ അടക്കമുള്ളവരെയാണ് ആദരിച്ചത്. സഹ പൈലറ്റിന്‍റെ ആക്രമണത്തിൽ സ്മിത് മച്ചാറിന് ഗുരുതര പരിക്കേറ്റിരുന്നു.
ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ചടങ്ങിൽ മെഡലുകൾ സമ്മാനിച്ചു. വിമാനത്തിലെ സംഭവത്തിനിടെ പരിക്കേറ്റ പൈലറ്റ് സ്മിത് മച്ചാറിനെ ഒക്ടോബർ മൂന്നിന് ശൈഖ് ഹംദാൻ സന്ദർശിച്ചിരുന്നു. യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷും ജീവനക്കാരെ അഭിനന്ദിച്ചു. ജീവനക്കാരുടെ ധീരതയ്ക്കും നിശ്ചയദാർഢ്യത്തിനുമുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പൊതുസേവന രംഗത്തെ സംഭാവനകൾക്കും അംബാസഡർമാർ, നയതന്ത്രജ്ഞർ, മുതിർന്ന ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര പ്രമുഖർ എന്നിവർക്ക് നൽകുന്ന ഓർഡർ ഓഫ് സായിദ് II മെഡൽ ആണ് വിമാന ജീവനക്കാർക്കും സമ്മാനിച്ചത്.
സെപ്റ്റംബർ 30ന് ദുബൈയിൽനിന്ന് തെൽഅവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ വിമാനത്തിന്‍റെ കോക്പിറ്റിൽ വെച്ച് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച് സഹപൈലറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. സ്മിത് മച്ചാർ അടക്കമുള്ളവരുടെ ഇടപെടലിലൂടെ ഈ ശ്രമം പരാജയപ്പെടുത്തുകയും വിമാനത്തിലുണ്ടായിരുന്ന റിസർവ്പൈലറ്റുമാർ സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.