PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ഫ്യൂച്ചർ ഹെൽത്ത് സമ്മിറ്റിൽ ‘ദൗത്യസജ്ജമായ ആരോഗ്യ സേവനം’ അവതരിപ്പിച്ച് ശ്രദ്ധ നേടി ബുർജീൽ ഹോൾഡിങ്സ്

അബുദാബി ഫ്യൂച്ചർ ഹെൽത്ത് സമ്മിറ്റിൽ ‘ദൗത്യസജ്ജമായ ആരോഗ്യ സേവനം’ അവതരിപ്പിച്ച് ശ്രദ്ധ നേടി ബുർജീൽ ഹോൾഡിങ്സ്

അബുദാബി ഫ്യൂച്ചർ ഹെൽത്ത് സമ്മിറ്റിൽ ‘ദൗത്യസജ്ജമായ ആരോഗ്യ സേവനം’ അവതരിപ്പിച്ച് ശ്രദ്ധ നേടി ബുർജീൽ ഹോൾഡിങ്സ്

അബുദാബി: അടിയന്തര സാഹചര്യങ്ങളിലും സങ്കീർണമായ ദൗത്യങ്ങളിലും ദ്രുതഗതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന ‘ദൗത്യസജ്ജമായ ആരോഗ്യസംരക്ഷണം’ അവതരിപ്പിച്ച് അബുദാബി ഫ്യൂച്ചർ ഹെൽത്ത് സമ്മിറ്റിൽ ശ്രദ്ധ നേടി ബുർജീൽ ഹോൾഡിങ്സ്. മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുർജീൽ, അടിയന്തര മെഡിക്കൽ സേവനങ്ങൾ, അത്യാധുനിക ചികിത്സ, നിർമിതബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യകൾ എന്നിവയെ ഏകോപിപ്പിക്കുന്ന സമഗ്ര ആരോഗ്യസംരക്ഷണ മാതൃകയാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
‘എ സിസ്റ്റം ഫോർ എവരി സെക്കൻഡ്’ എന്ന പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന ബുർജീലിന്റെ ബൂത്ത് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ പ്രമുഖർ സന്ദർശിച്ചു. ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ ബുർജീൽ മെഡിക്കൽ സിറ്റിയുടെ വിപുലീകരണം ഉൾപ്പടെയുള്ള ഗ്രൂപ്പിന്റെ നൂതന പദ്ധതികൾ വിശദീകരിച്ചു.
ലോകമെമ്പാടുമുള്ള 17 രാജ്യങ്ങളിലായി 1.7 ദശലക്ഷത്തോളം ആളുകൾക്ക് സേവനം നൽകിയതിന്റെ വിപുലമായ അനുഭവസമ്പത്താണ് ബുർജീൽ ഈ പ്രദർശനത്തിലൂടെ അവതരിപ്പിക്കുന്നത്. മിലിറ്ററി മെഡിക്കൽ സജ്ജീകരണങ്ങൾ, സംഘർഷ മേഖലകളിലെയും വിദൂര പ്രദേശങ്ങളിലെയും അടിയന്തര ആരോഗ്യ പരിചരണം, മൊബൈൽ ആശുപത്രികൾ എന്നിവയുൾപ്പെടെ വിവിധ ദൗത്യങ്ങൾക്ക് അനുയോജ്യമായ ആരോഗ്യ സേവനങ്ങളുടെ വലിയ നിര തന്നെ ബുർജീൽ ഒരുക്കിയിട്ടുണ്ട്. പ്രത്യേകം സജ്ജീകരിച്ച ആംബുലൻസ് സംവിധാനങ്ങളും അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ ഉതകുന്ന അത്യാധുനിക ക്ലിനിക്കൽ സംവിധാനങ്ങളുടെ ഡെമോയും പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളാണ്.
“വെല്ലുവിളികൾ മുൻകൂട്ടി തിരിച്ചറിയുക എന്നത് ആരോഗ്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനമായിട്ടുള്ള കാര്യമാണ്. വിവിധ സേവനങ്ങളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ കോർത്തിണക്കി ഏറ്റവും മികച്ച ചികിത്സ എത്രയും വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
അത്യാധുനിക സാങ്കേതികവിദ്യകളും വിപുലമായ സേവന ശൃംഖലയും
ബുർജീൽ ഹോൾഡിങ്സ് ഉൾപ്പെടുന്ന വിപിഎസ് ആരോഗ്യ ശൃംഖലയുടെ ഭാഗമായ പ്രതിരോധ, അടിയന്തര മെഡിക്കൽ സേവനങ്ങൾ മുതൽ സങ്കീർണ രോഗചികിത്സ വരെയുള്ള വിപുലമായ സംവിധാനങ്ങളാണ് മേളയിൽ അണിനിരത്തിയിരിക്കുന്നത്. ‘പ്രോമിത്യൂസ് മെഡിക്കൽ ഇന്റർനാഷണൽ’ സൈനിക മെഡിക്കൽ പരിശീലനവും സംഘർഷമേഖലകളിലെ അടിയന്തര ചികിത്സാ സജ്ജീകരണങ്ങളും അവതരിപ്പിക്കുന്നു. ‘റെസ്പോൺസ് പ്ലസ് മെഡിക്കൽ’ എയർ ആംബുലൻസ്, മെഡിക്കൽ ഇവാക്വേഷൻ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങളും, ‘ഡോക്ടൂർ’  വിദൂര പ്രദേശങ്ങളിൽ സജ്ജീകരിക്കാവുന്ന മോഡുലാർ ആശുപത്രി സംവിധാനങ്ങളും പ്രദർശിപ്പിക്കുന്നു.
എമർജൻസി വിഭാഗങ്ങൾ, തീവ്രപരിചരണം, വിദഗ്ധ ചികിത്സ, പേഷ്യന്റ് ട്രാൻസ്ഫർ എന്നിവയെ ഏകോപിപ്പിക്കുന്ന ‘ബുർജീൽ എമർജൻസി ആൻഡ് അക്യൂട്ട് കെയർ ഓപ്പറേഷണൽ നെറ്റ്വർക്ക്’ ആണ്  മറ്റൊരു പ്രധാന ആകർഷണം. ബുർജീൽ മെഡിക്കൽ സിറ്റിയും ഗ്രൂപ്പിന്റെ മറ്റ് ആശുപത്രികളും സങ്കീർണ രോഗചികിത്സയിലെ മികവ് എടുത്തു കാട്ടുന്നു.
ആഗോള പങ്കാളിത്തവും തന്ത്രപ്രധാന കരാറുകളും
കാൻസർ രംഗത്തെ ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം, നിർമിത ബുദ്ധിയുടെ ഉപയോഗം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി രാജ്യാന്തര സ്ഥാപനങ്ങളുമായി ബുർജീൽ ഹോൾഡിങ്സും ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളും സുപ്രധാന സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. ബ്രിട്ടൻ ആസ്ഥാനമായ അവട്രയൽ, അമേരിക്കയിൽ നിന്നുള്ള അവെസ്റ്റ ബയോ എന്നിവയുമായുള്ള കരാറിലൂടെ നൂതന കാൻസർ ചികിത്സ രാജ്യത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യം. എഐ പ്ലാറ്റഫോമായ  ഹെൽത്ത്സ്റ്റേയുമായുള്ള സഹകരണം രോഗി റഫറലുകളും അന്താരാഷ്ട്ര രോഗികളുടെ ചികിത്സാ നടപടികളും കാര്യക്ഷമമാക്കുന്നതിന് സഹായിക്കും. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള എആർപിഐ, ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി, എത്തിസലാത്ത് എന്നിവയുമായും ബുർജീൽ  തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെച്ചു.
Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment