അബുദാബിയിൽ സേവനം ഓണം 2026 വർണാഭമായി സംഘടിപ്പിച്ചു.
അബുദാബി: ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച സേവനം ഓണം 2026 വർണാഭമായ പരിപാടികളോടെ നടന്നു. 1,800-ലധികം പേർ പങ്കെടുത്ത ആഘോഷം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സേവനം യു.എ.ഇ. സെൻട്രൽ കമ്മിറ്റി മുൻ ഭാരവാഹികളായ എം.കെ. രാജൻ, ശ്രീധരൻ പ്രസാദ്, ഐ.എസ്.സി., അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ എന്നിവയുടെ ഭാരവാഹികൾ, വിവിധ സംഘടനാ ഭാരവാഹികൾ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന പൂക്കളം, മഹാബലിയെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്ര, താലപ്പൊലി, ചെണ്ടമേളം, വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. വിദ്യാഭാസ രംഗത്ത് മികവ് തെളിയിച്ച കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും ഡിജെ ഫെസ്റ്റും പരിപാടിയുടെ ഭാഗമായി നടന്നു.
സേവനം–എസ്.എൻ.ഡി.പി. യോഗം അബുദാബി യൂണിയൻ ചെയർമാൻ മനീഷ് ശങ്കർ, വൈസ് ചെയർമാൻ ഉദയലാൽ സദാശിവൻ, കൺവീനർ ചാറ്റർജി കായംകുളം എന്നിവരുടെയും അഡ്മിൻ കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. വിവിധ സംഘടനകളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ആഘോഷം പ്രവാസി മലയാളികളുടെ ഐക്യവും സൗഹൃദവും കൂട്ടായ്മയും വിളിച്ചോതുന്ന ഉത്സവമായി മാറി.