ഷാർജ പുസ്തകമേളയ്ക്ക് നവംബർ 4ന് തിരിതെളിയും : 124 രാജ്യങ്ങളിൽ നിന്നുള്ള 2,673 പ്രസാധകരും പ്രദർശകരും മേളയിൽ പങ്കാളികളാകും
തലമുറകളെ രൂപപ്പെടുത്തുന്ന കഥകളുടെ പ്രാധാന്യമാണ് ഇത്തവണത്തെ പ്രമേയം മുന്നോട്ടുവയ്ക്കുന്നതെന്ന് എസ്ബിഎ സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു. പുസ്തകങ്ങളെയും അറിവിനെയും മനുഷ്യവികസനത്തിന്റെ അടിത്തറയാക്കി മാറ്റിയ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്കാരിക കാഴ്ചപ്പാടിന്റെ തുടർച്ചയാണിത്. എസ്ബിഎ അധ്യക്ഷ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ മാർഗനിർദേശപ്രകാരം പ്രസാധകർക്കും സൃഷ്ടിപരമായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും ആഗോളതലത്തിൽ സഹകരിക്കാനുള്ള വലിയൊരു വേദിയായി പുസ്തകമേള മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജയുമായുള്ള ചരിത്രപരവും സഹോദരതുല്യവുമായ ബന്ധത്തിന്റെ പ്രതിഫലനമാണ് ഒമാനെ അതിഥി രാജ്യമായി തിരഞ്ഞെടുത്തതിലൂടെ വ്യക്തമാകുന്നതെന്ന് ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ നോളജ് ആൻഡ് കൾച്ചറൽ ഡെവലപ്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ജനറലും മസ്കത്ത് രാജ്യാന്തര പുസ്തകമേളയുടെ ഡയറക്ടറുമായ അഹമ്മദ് ബിൻ സൗദ് ബിൻ നാസർ അൽ റവാഹി പറഞ്ഞു. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ സലേം അലി ഹമദ് അൽ ഗൈതി മേളയുടെ മാധ്യമ സംപ്രേഷണ പദ്ധതികൾ വിശദീകരിച്ചു. ഷാർജ ടിവി, അൽ ഷർഖിയ ടിവി, അൽ വുസ്ത ടിവി, ഷാർജ സ്പോർട്സ് ടിവി എന്നിവയിലൂടെ പ്രത്യേക പരിപാടികളും അഭിമുഖങ്ങളും സംപ്രേഷണം ചെയ്യും. പ്ലസ് റേഡിയോയിൽ 20 മണിക്കൂറിലേറെ തത്സമയ സംപ്രേഷണവും മരായ പ്ലാറ്റ്ഫോമിലൂടെ തത്സമയ സ്ട്രീമിങ്ങും ഉണ്ടായിരിക്കും.
അമ്പതാം വാർഷികം ആഘോഷിക്കുന്ന ഇത്തിസലാത്ത് ഇത്തവണയും മേളയുടെ പ്രധാന സ്പോൺസർമാരിൽ ഒന്നാണ്. വ്യക്തികളിലും അറിവിലും നിക്ഷേപിക്കുന്നത് ഡിജിറ്റൽ സാങ്കേതികവിദ്യയിൽ നിക്ഷേപിക്കുന്നത് പോലെ തന്നെ പ്രധാനമാണെന്ന് ഇത്തിസലാത്ത് ഗവൺമെന്റ് സെയിൽസ് വൈസ് പ്രസിഡന്റ് സൗദ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് പറഞ്ഞു. ഷാർജയുടെ സാംസ്കാരിക കാഴ്ചപ്പാടുകളോടുള്ള പിന്തുണ തുടരുമെന്ന് സാമ്പത്തിക സേവന പങ്കാളികളായ ഇക്വിറ്റി ഷാർജ ബ്രാഞ്ച് ജനറൽ ഡയറക്ടർ മുഹമ്മദ് ഹാഷിശോ വ്യക്തമാക്കി.
∙ സാംസ്കാരിക പ്രമുഖരും അതിഥികളും
യുഎഇയിൽ നിന്നും അറബ് ലോകത്തുനിന്നും പുറത്തുനിന്നുമുള്ള പ്രമുഖ എഴുത്തുകാരും ചിന്തകരും മേളയിൽ അണിനിരക്കും. യുഎഇയിൽ നിന്ന് ഡോ. സുൽത്താൻ അൽ അമീമി, അലി അബു അൽ റീഷ്, ഡോ. ഹബീബ് ഗലൂം, ഡോ. ശിഹാബ് ഗാനം, ഡോ. അഹമ്മദ് അൽ ഖൂരി, ഫാത്തിമ അൽ നിമർ, ദുബായ് അബുൽഹൂൾ, ആയിഷ സുൽത്താൻ, നാസർ അൽ ദാഹേരി എന്നിവർ പങ്കെടുക്കും.
അറബ് ലോകത്തുനിന്ന് മൊറോക്കൻ ഗവേഷകൻ ഡോ. സഈദ് യക്തീൻ, ലെബനീസ് നടനും സംവിധായകനുമായ റഫീഖ് അലി അഹമ്മദ്, എഴുത്തുകാരി നജ് വ ബറകാത്ത്, സുഡാനീസ് നോവലിസ്റ്റ് ഡോ. അമീർ താജ് എൽസിർ, കുവൈത്തി നോവലിസ്റ്റ് സൗദ് അൽസനൂസി, സിറിയൻ-കനേഡിയൻ എഴുത്തുകാരി സുൽഫ കാത്തൂ എന്നിവരും അണിനിരക്കും.
രാജ്യാന്തരതലത്തിൽ നിന്ന് അമേരിക്കൻ എഴുത്തുകാരിയും വിവർത്തകയുമായ ഡെയ്സി റോക്ക്വെൽ, അമേരിക്കൻ-കനേഡിയൻ നോവലിസ്റ്റ് ജോൺ വൈലന്റ്, ചൈനീസ് നോവലിസ്റ്റ് ലിയു ഷെൻയുൻ, ഫിലിപ്പീൻസ് ചരിത്രകാരൻ അംബെത്ത് ആർ. ഒകാമ്പോ, നൈജീരിയൻ എഴുത്തുകാരി നെഡി ഒകോറാഫോർ, ബ്രിട്ടിഷ് നോവലിസ്റ്റ് ക്ലെയർ മക്കിന്റോഷ്, ഇന്ത്യൻ നടിയും എഴുത്തുകാരിയുമായ ഷെഹ്നാസ് ട്രഷറിവാല, ഓസ്ട്രേലിയൻ ഡിസൈനർ പീറ്റർ ഗൗൾഡ്, ദക്ഷിണാഫ്രിക്കൻ നടി സലാമിന മൊസെസെ, സിംഗപ്പൂർ കവി നതാലി വാങ്, ജർമൻ നോവലിസ്റ്റ് ഡാനിയല ടുല്ലി, തായ്ലാന്റ് എഴുത്തുകാരൻ രെവാത് പൻപിപത് എന്നിവരും പങ്കെടുക്കും.
∙ സർഗാത്മക ശില്പശാലകളും നാടകങ്ങളും
മുൻകൂട്ടി റജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്ന പ്രത്യേക പരിശീലന ശിൽപശാലകളും ക്രമീകരിച്ചിട്ടുണ്ട്. കഥാപാത്ര സൃഷ്ടി, സംഭാഷണം, എഡിറ്റിങ്, പ്രസിദ്ധീകരണം എന്നിവയെക്കുറിച്ച് ജർമൻ നോവലിസ്റ്റ് ഡാനിയല ടുല്ലിയും അഭിനയ ശൈലികളെക്കുറിച്ച് ഈജിപ്ഷ്യൻ നടൻ ഖാലിദ് എൽ സാവിയും ശിൽപശാലകൾ നയിക്കും.
മൂന്ന് പ്രധാന നാടക അവതരണങ്ങളും മേളയുടെ ഭാഗമായി നടക്കും. നവംബർ ഏഴിന് ‘വെൻ മെമ്മറീസ് സിങ്’ എന്ന സംഗീത നാടകവും നവംബർ എട്ടിന് അബ്ദുല്ല അൽ അൻസാർ അവതരിപ്പിക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങളും മാജിക്കും കോർത്തിണക്കിയ ‘ഇംപോസിബിൾ ഓർ സയൻസ്?!’ എന്ന പരിപാടിയും നടക്കും. നവംബർ 14, 15 തീയതികളിൽ ഹുസൈൻ അൽ മഹ്ദി, ഷൈല സബ്ത് തുടങ്ങി പ്രമുഖർ അണിനിരക്കുന്ന ‘വാട്ടർലാൻഡ്’ എന്ന നാടകവും അരങ്ങേറും.
∙ വൈവിധ്യമാർന്ന പരിപാടികൾ
ത്രില്ലർ ഫെസ്റ്റ്: നവംബർ 7 മുതൽ 10 വരെ ക്യാപിറ്റൽ ക്രൈം ലണ്ടൻ, ത്രില്ലർ ഫെസ്റ്റ് ന്യൂയോർക്ക് എന്നിവയുടെ സഹകരണത്തോടെ അഞ്ചാമത് ‘ത്രില്ലർ ഫെസ്റ്റ്’ നടക്കും. ക്ലെയർ മക്കിന്റോഷ്, കാരൻ ഡിയോൺ, എലിസബത്ത് മൂർ, വസീം ഖാൻ, അബീർ മുഖർജി, ഡേവിഡ് ഫെന്നൽ, നൂഹ ദാവൂദ്, ഇബ്രാഹിം അൽ മർസൂഖി തുടങ്ങിയ 12 ലേറെ ക്രൈം ഫിക്ഷൻ എഴുത്തുകാർ പങ്കെടുക്കും.കുക്കറി കോർണർ: ഇന്ത്യയുടെ നിതീഷ പട്ടേൽ, റോമി ഗിൽ, മോനിഷ ഭരദ്വാജ്, സിറിയൻ ഷെഫ് മുഹമ്മദ് ഓർഫലി, ഫലസ്തീന്റെ സലാം ദഖാഖ്, ലെബനന്റെ ജാദ് യൂസഫ് എന്നിവരടക്കം ഒട്ടേറെ രാജ്യാന്തര ഷെഫുമാർ തത്സമയ പാചക അവതരണങ്ങൾ നടത്തും.
ഒമാൻ – അതിഥി രാജ്യം
41 എഴുത്തുകാരും കവികളും അടക്കം 50 പ്രമുഖരാണ് ഒമാനിൽ നിന്ന് എത്തുന്നത്. 15 സാംസ്കാരിക സംവാദങ്ങൾ, കുട്ടികൾക്കായി 6 ശിൽപശാലകൾ, 20 കലാപരിപാടികൾ എന്നിവ ഒമാൻ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നടക്കും. സഹ്റാൻ അൽ ഖാസിമി, ഡോ. മുഹമ്മദ് അൽ യാഹ്യായി തുടങ്ങിയവർ പങ്കെടുക്കും.
പബ്ലിഷേഴ്സ് ട്രെയിനിങ് പ്രോഗ്രാം: ഒക്ടോബർ 31 ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് 17 രാജ്യങ്ങളിൽ നിന്നുള്ള 200 ലേറെ പ്രസാധകർക്കായി പരിശീലനം നൽകും. ഓഡിയോ ബുക്കുകൾ, സോഷ്യൽ മീഡിയ മാർക്കറ്റിങ്, നിർമിതബുദ്ധി(എ ഐ) സാധ്യതകൾ എന്നിവ ചർച്ചയാകും.
16-ാമത് ഷാർജ പബ്ലിഷേഴ്സ് കോൺഫറൻസ്: നവംബർ 1 മുതൽ 3 വരെ നടക്കുന്ന കോൺഫറൻസിൽ അംഗോള, കംബോഡിയ തുടങ്ങി 9 രാജ്യങ്ങൾ കന്നി അരങ്ങേറ്റം കുറിക്കും. ‘ത്വരിതഗതിയിലുള്ള യുഗത്തിലെ പ്രസാധനം’ എന്ന വിഷയത്തിൽ 30 ലേറെ സെഷനുകൾ ഉണ്ടാകും.
ലൈബ്രറി കോൺഫറൻസ് നവംബർ 7 മുതൽ 9 വരെ
അമേരിക്കൻ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ച് നവംബർ 7 മുതൽ 9 വരെ നടക്കുന്ന രാജ്യാന്തര ലൈബ്രറി കോൺഫറൻസിൽ 400 ലേറെ ലൈബ്രറിയന്മാരും വിവരസാങ്കേതിക വിദഗ്ധരും പങ്കെടുക്കും. സന്ദർശകർക്കായി വിശാലമായ പാർക്കിങ് സൗകര്യങ്ങളും ട്രാൻസ്പോർട്ട് സർവീസുകളും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ച് എസ്ബിഎ ഒരുക്കുന്നുണ്ട്. സാസ്, ട്രെൻഡ്സ് ഗ്രൂപ്പ്, ബാങ്ക് ഓഫ് ഷാർജ, ഒമൈർ ട്രാവൽ ഏജൻസി, നാഷനൽ പെയ്ന്റ്സ് എന്നിവരും മേളയുടെ പ്രധാന പങ്കാളികളാണ്.