പൊതു സുരക്ഷ ദുർബലപ്പെടുത്താൻ ശ്രമിച്ച കേസ് : യൂസുഫുൽ ഖറദാവിയുടെ മകന് മാപ്പ് നൽകി യുഎഇ പ്രസിഡന്റ്
അബൂദബി: പൊതു സുരക്ഷ ദുർബലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇസ്‌ലാമിക പണ്ഡിതൻ യൂസഫുൽ ഖറദാവിയുടെ മകന് മാപ്പ് നൽകി യുഎഇ പ്രസിഡന്റ്. ഈജിപ്ഷ്യൻ കവിയും രാഷ്ട്രീയ പ്രവർത്തകനുമായ അബ്ദുറഹ്‌മാൻ യൂസുഫുൽ ഖറദാവിക്കാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ മാപ്പ് നൽകിയത്. കേസിൽ ഇദ്ദേഹത്തെ 10 വർഷത്തെ തടവിനും രണ്ട് ലക്ഷം ദിർഹം പിഴക്കും യുഎഇ കോടതി ശിക്ഷിച്ചിരുന്നു.
ആഗസ്റ്റ് 27 നാണ് അബൂദബി ഫെഡറൽ അപ്പീൽ കോടതിയിലെ സൈബർ ക്രൈം സർക്യൂട്ട് അബ്ദുറഹ്‌മാൻ ഖറദാവി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പൊതു സുരക്ഷ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നതായിരുന്നു ചുമത്തിയ കുറ്റം. തുടർന്ന് പ്രസിഡന്റിന്റെ മാപ്പിനായുള്ള നടപടിക്രമങ്ങൾ കൈകൊള്ളുകയായിരുന്നു. ഗൾഫ് രാജ്യങ്ങൾക്കെതിരായ പരാമർശങ്ങളുടെ പേരിൽ 2024 ലാണ് അബ്ദുറഹ്‌മാൻ അൽ ഖറദാവി അറസ്റ്റിലായത്. ശേഷം 2025 ജനുവരി 10 ന് ലെബനൻ അധികൃതരിൽ നിന്ന് യുഎഇ കസ്റ്റഡിയിലെടുക്കുകയായിരുന്നു.