കേരള സോഷ്യൽ സെന്റർ വേനൽത്തുമ്പികൾ 2026-ന് സമാപനം
അബുദാബി: കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച 23 ദിവസം നീണ്ട സമ്മർ ക്യാമ്പ് ‘വേനൽത്തുമ്പികൾ 2026’-ന് സമാപനമായി. ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്ന സമാപനോത്സവം കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളാൽ ശ്രദ്ധേയമായി.കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് മനോജ് ടി. കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ, കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും ആരോഗ്യബോധം, അറിവ്, വിവേകം, സൗഹൃദം, സാമൂഹികബോധം എന്നിവ വളർത്തുന്നതിനും ക്യാമ്പിന് സാധിച്ചതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എൽ എൽ എച് ഹോസ്പിറ്റലിലെ പീഡിയാട്രീഷൻ ഡോ. ജിനി നാരായണൻ പറഞ്ഞു. സമ്മർ ക്യാമ്പ് ഡയറക്ടർ ഷെറിൻ വിജയൻ, അസിസ്റ്റന്റ് ഡയറക്ടർമാരായ നിഖിൽ ഹുസൈൻ, അഡ്വ. സാജിത ചേലക്കുത്ത് , ക്യാമ്പിലെ പരിശീലകരായ അശ്വിൻ ആർ എം, ശരത് കെ. എന്നിവർ പങ്കെടുത്തു.
ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ബിജി. എം. തോമസ്, കെ.എസ്.സി. ഫിനാൻസ് കമ്മിറ്റി ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ദീൻ, ശക്തി തിയേറ്റേഴ്സ് അബുദാബി വൈസ് പ്രസിഡന്റ് ബിജിത്ത് കുമാർ, യുവകലാസാഹിതി അബുദാബി പ്രസിഡന്റ് മനു കൈനകരി, ഫ്രണ്ട്സ് എ.ഡി.എം.എസ്. ജനറൽ സെക്രട്ടറി അനുപ ബാനർജി, കെ.എസ്.സി. വനിതാ വിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ, കെ.എസ്.സി. ബാലവേദി പ്രസിഡന്റ് നയനിക ശ്രീജിഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമാപനച്ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തുടർന്ന് ക്യാമ്പിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സമ്പന്നമായ പൈതൃകം പരിചയപ്പെടുത്തുന്ന ‘മലയാളമുറ്റം’ എന്ന പ്രത്യേക കലാവിഷ്കാരം പരിപാടിയുടെ പ്രധാന ആകർഷണമായി. മലയാള കാവ്യലോകത്തെ പ്രമുഖ കവികളുടെയും അവരുടെ സംഭാവനകളുടെയും ആശയങ്ങൾ കോർത്തിണക്കിയായിരുന്നു കുട്ടികൾ ഈ അവതരണം ഒരുക്കിയത്.

പഠനത്തോടൊപ്പം കല, കായികം, വിനോദം, സാമൂഹിക ഇടപെടൽ തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകിയ ക്യാമ്പ് കുട്ടികൾക്ക് പുതിയ അനുഭവങ്ങളും സൗഹൃദങ്ങളും സമ്മാനിച്ചതായി ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. അബുദാബിയിലെ മലയാളി സമൂഹത്തിലെ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും പുതിയ അറിവുകളും അനുഭവങ്ങളും നേടാനും അവസരമൊരുക്കിയ വേനൽത്തുമ്പികൾ 2026, കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ അവിസ്മരണീയമായ അനുഭവമായി മാറി.കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും ക്യാമ്പ് അസിസ്റ്റന്റ് ഡയറക്ടർ അഡ്വ. സാജിത ചേലക്കുത്ത് നന്ദിയും രേഖപ്പെടുത്തി.