ഓണം പൊന്നോണം 2026 – അബുദാബി ആഡ്‌കോപ്പ് മിനാ സെന്ററിൽ വിപുലമായ ഓണാഘോഷം
യുഎഇ: കേരളത്തിന്റെ ഓണപ്പെരുമയും പാരമ്പര്യവും ആഘോഷമാക്കിക്കൊണ്ട് “ഓണം പൊന്നോണം 2026” എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 23 ഞായറാഴ്ച വൈകുന്നേരം 3 മണി മുതൽ അബുദാബി ആഡ്‌കോപ്പ് മിനാ സെന്ററിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. ഹോം 92.2 FMന്റെയും മലബാർ അടുക്കള എന്ന സാമൂഹിക സംഘടനയുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാളി സമൂഹത്തെ ഒരുമിച്ച് കൂട്ടി ഓണത്തിന്റെ സന്തോഷവും സൗഹൃദവും ആഘോഷമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വിവിധ മത്സരങ്ങളും കലാപരിപാടികളും കുടുംബ വിനോദ പരിപാടികളും ഉൾപ്പെടെ നിരവധി ആകർഷണങ്ങളാണ് ഓണം പൊന്നോണം 2026ൽ ഒരുക്കിയിരിക്കുന്നത്.പരിപാടിയുടെ ഭാഗമായി പൂക്കള മത്സരം , പായസ മത്സരം, മലയാളി മങ്ക മത്സരം, സംഗീതം, നൃത്തം വിവിധ കലാ-സാംസ്കാരിക പരിപാടികൾ, ഗെയിം ഷോകൾ എന്നിവക്ക് പുറമെ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാവുന്ന വ്യത്യസ്ഥ രീതിയിലുള്ള കുടുംബ വിനോദ പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
അഞ്ച് പേരടങ്ങുന്ന ടീമുകളായാണ് പൂക്കള മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിലെ ഒന്നാം സമ്മാനമായി 2,500 ദിർഹം വിലമതിക്കുന്ന ഷോപ്പിംഗ് വൗച്ചർ നൽകും. പായസ മത്സരം, മലയാളി മങ്ക മത്സരം എന്നിവയിലെ വിജയികൾക്ക് 1,000 ദിർഹം വീതം വിലമതിക്കുന്ന ഷോപ്പിംഗ് വൗച്ചർസമ്മാനമായി ലഭിക്കും.മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ആഡ്‌കോപ്പ് , ഹോം 92.2 FM, മലബാർ അടുക്കള എന്നിവയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങളും ലഭ്യമാകും.ഓണം പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 23 മുതൽ 26 വരെ ആഡ്‌കോപ്പ് ശാഖകളിൽ ഓണാവശ്യ സാധനങ്ങൾക്ക് പ്രത്യേക വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്.
അബുദാബിയിലെ ആഡ്‌കോപ്പ് മിനാ സെന്റർ , അബുദാബി മാൾ, മദീനത്ത് സായിദ് , സൂഖ് അൽ ജാമി – അൽ ഐൻ, അൽ നഹ്ദ – ദുബായ്, മെഗാ മാൾ – ഷാർജ എന്നിവയാണ് പ്രത്യേക ഓണം ഓഫറുകൾ ലഭ്യമാകുന്ന പ്രധാന ശാഖകൾ. ഓഗസ്റ്റ് 23 മുതൽ 26 വരെയുള്ള നാല് ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് വിവിധ പ്രത്യേക ഓണം ഓഫറുകളും വിലക്കിഴിവുകളും പ്രയോജനപ്പെടുത്താം. കേരളത്തിന്റെ തനിമയും ഓണത്തിന്റെ ആഘോഷപ്പെരുമയും പ്രവാസി മലയാളികൾക്കിടയിൽ ഒരുമിച്ച് ആഘോഷമാക്കുന്ന “ഓണം പൊന്നോണം 2026” എല്ലാവർക്കും മറക്കാനാവാത്ത ഒരു ഉത്സവാനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.