മെഹ്ഫിൽ മീലാദ് ക്യാമ്പയിൻ 26 വിളംബരം ; അബുദാബിയിൽ “ഇഷ്‌ഖിന്റെ 63 ദിനങ്ങൾ”ക്ക് തിരിതെളിഞ്ഞു.
അബുദാബി: പ്രവാചകാനുരാഗത്തിന്റെ സന്ദേശവുമായി വീണ്ടും വിശുദ്ധ മാസം പടിക്കലെത്തി. സർവലോക കാരുണ്യമായി പിറന്ന തിരുനബി (സ) തങ്ങളുടെ ജന്മദിനത്താൽ അനുഗ്രഹീതമായ പരിശുദ്ധ റബീഉൽ അവ്വൽ മാസം ഒരിക്കൽക്കൂടി മനസ്സുകളിലേക്ക് കടന്നുവരികയാണ്. ആ തിരുജന്മത്തിന്റെ പരിമളം നിറഞ്ഞ ഈ മാസം ഉൾക്കൊള്ളുന്ന ഓരോ നിമിഷവും വിശ്വാസിഹൃദയങ്ങൾക്ക് ആഘോഷമാണ്, ആരാധനയാണ്, ആഹ്ലാദമാണ്.
ഈ പുണ്യ മാസത്തെ വരവേൽക്കാൻ ‘മെഹ്ഫിൽ മീലാദ് ക്യാമ്പയിൻ ’26’ ഔദ്യോഗികമായി വിളംബരം ചെയ്തു. നബി (സ) തങ്ങൾ ഈ ഭൂമിയിൽ അനുഗ്രഹീതമായ അറുപത്തിമൂന്ന് വർഷങ്ങളോടുള്ള സ്മരണയായി “ഇഷ്‌ഖിന്റെ 63 ദിനങ്ങൾ” എന്ന പേരിൽ അറുപത്തിമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ക്യാമ്പയിൻ പ്രഖ്യാപിക്കുകയാണ്. പ്രവാചക പ്രകീർത്തനങ്ങളും തിരുസുന്നത്തുകളുടെ പ്രചാരണവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഈ ക്യാമ്പയിൻ കാലയളവിൽ മൗലിദ് മജ്ലിസുകൾ, തിരുസുന്നത്ത് പ്രചാരണ പരിപാടികൾ, കാരുണ്യ പ്രവർത്തനങ്ങൾ, പ്രഭാഷണങ്ങൾ, മദ്ഹ് ഗീതങ്ങൾ, ചരിത്ര പഠനക്കളരികൾ, മത്സരങ്ങൾ, ഹാദിയ മൗലിദ്, കുട്ടികളുടെ മൗലിദ് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ആണ് അരങ്ങേറുക.