ദുബായിലെ 30 പ്രധാന കേന്ദ്രങ്ങളിലെ കാൽനടപ്പാലങ്ങളിലെ ലൈറ്റിങ് സംവിധാനം നവീകരിച്ച് ആർടിഎ
ദുബായ്: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനുമായി ദുബായിലെ 30 പ്രധാന കേന്ദ്രങ്ങളിലെ കാൽനടപ്പാലങ്ങളിലെ ലൈറ്റിങ് സംവിധാനം നവീകരിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ജനങ്ങളുടെ ക്ഷേമം മുന്നിൽ കണ്ടുള്ള ആർടിഎയുടെ ‘പീപ്പിൾ ഹാപ്പിനസ്’ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകുന്ന പദ്ധതിയിൽ ഊർജക്ഷമതയുള്ള അത്യാധുനിക എൽഇഡി ലൈറ്റിങ് സംവിധാനങ്ങളാണ് സ്ഥാപിക്കുന്നത്. ചലനങ്ങൾ തിരിച്ചറിയുന്ന ‘മോൻഷൻ സെൻസർ’ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
പാലത്തിലൂടെ ആളുകൾ നടക്കുമ്പോൾ ലൈറ്റുകൾ സ്വയം പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി ഉപയോഗവും പ്രവർത്തനച്ചെലവും ഗണ്യമായി കുറയ്ക്കാൻ സാധിക്കും.പദ്ധതിയുടെ ഭാഗമായി കാൽനടപ്പാലങ്ങളിലെ നിലവിലെ വെളിച്ചത്തിന്റെ അളവ് പ്രത്യേക മീറ്ററുകൾ ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തിയ ശേഷമാണ് അനുയോജ്യമായ വെളിച്ച സംവിധാനങ്ങൾ രൂപകൽപന ചെയ്തത്. ആദ്യ ഘട്ടത്തിൽ 21 കാൽനടപ്പാലങ്ങളിലെ ലൈറ്റിങ് നവീകരണം പൂർത്തിയാക്കും. 2026-ന്റെ അവസാന പാദത്തോടെ പദ്ധതി പൂർണമായി പൂർത്തിയാക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്.പരിസ്ഥിതി സൗഹൃദവും ആധുനികവുമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് റോഡ് അനുബന്ധ സൗകര്യങ്ങൾ വികസിപ്പിക്കുന്നത് തുടർന്നും മുന്നോട്ട് കൊണ്ടുപോകുമെന്ന് ആർടിഎ വ്യക്തമാക്കി.