ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസ് പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്.
ന്യൂഡൽഹി: യുഎസ്- ഇറാൻ യുദ്ധത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനസർവീസ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. ഒമാനിലെ സലാലയിലേക്കും കുവൈത്തിലേക്കുമുള്ള സർവീസുകൾ പൂർണമായി പുനഃസ്ഥാപിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് വ്യാഴാഴ്ച അറിയിച്ചു. കോഴിക്കോട്- സലാല റൂട്ടിലെ വിമാന സർവീസുകൾ ജൂലൈ രണ്ട് മുതൽ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കോഴിക്കോട്- കുവൈത്ത് സർവീസുകൾ ജൂലൈ മൂന്ന് മുതലും, കർണാടകയിലെ ബെംഗളൂരുവിൽ നിന്നുള്ള കുവൈത്ത് സർവീസുകൾ ജൂലൈ നാല് മുതലും പുനരാരംഭിക്കും. വരുന്ന ദിവസങ്ങളിൽ ഘട്ടങ്ങളായി സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.കോഴിക്കോട്- സലാല സർവീസ് ആഴ്ചയിൽ രണ്ട് തവണ ഉണ്ടാവുമെന്ന് എയർ ഇന്ത്യ ഗ്രൂപ്പിന്റെ ബഡ്ജറ്റ് എയർലൈൻ അറിയിച്ചു. കോഴിക്കോട്- കുവൈത്ത് സർവീസുകൾ ആദ്യഘട്ടത്തിൽ ജൂലൈ മൂന്ന് മുതൽ ആഴ്ചയിൽ ഒന്ന് എന്ന നിലയിലായിരിക്കും. തുടർന്ന് ജൂലൈ അഞ്ച് മുതൽ ഇത് ആഴ്ചയിൽ മൂന്ന് സർവീസുകളായി വർധിപ്പിക്കും. എയർ ഇന്ത്യ എക്സ്പ്രസിന് ഇപ്പോൾ ഒമാനിലെ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും സലാല ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും സർവീസുകളുണ്ട്. മസ്കറ്റിനും കർണാടകയിലെ മംഗളൂരുവിനും ഇടയിലുള്ള വിമാന സർവീസുകളും ജൂലൈ മൂന്ന് മുതൽ എയർ ഇന്ത്യ എക്സ്പ്രസ് പുനഃസ്ഥാപിക്കും.മസ്കത്തിൽ നിന്ന് ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്ക് എയർ ഇന്ത്യ നിലവിൽ ആഴ്ചയിൽ 40 ഓളം സർവീസുകൾ നടത്തുന്നുണ്ട്. ബെംഗളൂരു-കുവൈത്ത് സർവീസുകൾ ജൂലൈ നാല് മുതൽ ആഴ്ചയിൽ ഒരിക്കലും, ജൂലൈ ഏഴ് മുതൽ ആഴ്ചയിൽ മൂന്ന് തവണയായും പ്രവർത്തിക്കും. കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നായിരിക്കും സർവീസ് നടത്തുകയെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് ഈ വിമാനങ്ങൾ airindiaexpress.com എന്ന വെബ്സൈറ്റ് വഴിയോ, മൊബൈൽ ആപ്പ് വഴിയോ മറ്റ് പ്രമുഖ ബുക്കിങ് ചാനലുകൾ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ടിനും അബുദാബിക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകളുടെ ബുക്കിങ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ജൂലൈ 15 മുതൽ ആരംഭിക്കുന്ന ഈ സർവീസുകൾക്കായുള്ള ബുക്കിങ് എയർ ഇന്ത്യ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും മറ്റ് പ്രധാന ചാനലുകളിലും ലഭ്യമാണ്. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതോടെ, മഹാരാഷ്ട്രയിലെ ഈ ഗ്രീൻഫീൽഡ് വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര സർവീസ് നടത്തുന്ന ആദ്യത്തെ എയർലൈനായി എയർ ഇന്ത്യ എക്സ്പ്രസ് മാറും.