“ഹുബ്ബുൽ എമറാത്ത്” ഈദ് അൽ അദ്ഹാ ആഘോഷം സംഘടിപ്പിച്ചു
അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ (ഐഐസി) സംഘടിപ്പിച്ച “ഹുബ്ബുൽ എമറാത്ത് – ഈദ് അൽ അദ്ഹാ ആഘോഷ പരിപാടി” ഇന്ത്യൻ ഇസ്ലാമിക് സെന്റർ മെയിൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിൽ അസിൻ വെള്ളില, കീർത്തന സബരീഷ്, സന്ധ്യ വിജയൻ എന്നിവരുള്‍പ്പെടെ നിരവധി കലാകാരൻമാർ അവതരിപ്പിച്ച ഗാനവിരുന്ന് അബുദാബിയിലെ കലാസ്വാദകർക്ക് പുതുമയാർന്ന അനുഭവമായി. സംഗീതവും കലാപരിപാടികളും നിറഞ്ഞ മനോഹരമായ ഒരു ഈദ് സായാഹ്നമായി “ഹുബ്ബുൽ എമറാത്ത് ഈദ് നൈറ്റ്” മാറി. ടീം മാട്ടൂൽ ഒരുക്കിയ കോൽക്കളിയും, ഗഫൂർ വാടക ചിട്ടപ്പെടുത്തിയ നൃത്ത വിരുന്നും ആസ്വാദകർക്ക് കുളിർമയേകി. ഷഫീൽ കണ്ണൂർ ഗാനവിരുന്ന് നിയന്ത്രിച്ചു.
ഈദ് അൽ അദ്ഹായുടെ സ്നേഹവും ഐക്യവും പങ്കിടുന്ന വേദിയായി പരിപാടി മാറിയതായി ഐഐസി ഭാരവാഹികൾ അറിയിച്ചു.

ഈദ് നൈറ്റ് സാംസ്കാരിക സമ്മേളനത്തിൽ ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് വി. പി. കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് അബ്ദുള്ള ഫാറൂഖി ഉദ്ഘാടനം നിർവഹിച്ചു.
ട്രഷറർ അബ്ദുൽ അസീസ് കളിയാടാൻ, മുൻ പ്രസിഡന്റ് പി. ബാവ ഹാജി, അഡ്മിൻ സെക്രട്ടറി അബ്ദുള്ള നദ്‌വി, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ, പ്രയോജകരായ ഇല്ലം ആയുർവേദ മെഡിക്കൽ സെന്റർ ജനറൽ മാനേജർ ഫത്‌വിമത് നസീബ, സേഫ് കെയർ മെഡിക്കൽസ് ഹെഡ് ഓഫ് സെയിൽസ് നിസാം അലിയാർ, അൽ സാബി ഓട്ടോകെയർ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ മാനേജർ സിബി കടവിൽ, അൽ സബീൽ ഗ്രൂപ്പ് ജനറൽ മാനേജർ ജിയാസ് ഇക്ബാൽ, ഫയർസ്റ്റോൺ ഫയർ ആൻഡ് സേഫ്റ്റി എംഡി ഷംസീർ എ. എം. എസ്, സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി ഡോ. അബൂബക്കർ കുറ്റിക്കോൽ എന്നിവരുള്‍പ്പെടെ അബുദാബിയിലെ സാംസ്കാരിക, ബിസിനസ് രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ചീഫ് പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൽ ബാസിത് കായക്കണ്ടി, ഐഐസി കൾച്ചറൽ വിംഗ് കൺവീനർ ഷമീർ തവനൂർ, “ഹുബ്ബുൽ എമറാത്ത് – ഈദ് നിലാവ്” കോർഡിനേറ്റർ നൗഷാദ് ത്രിപ്പങ്ങോട്, റഫീക് പി. ടി, അഷറഫ് നജാത്ത്, മഷൂദ് നീർച്ചാൽ, സി. എം. വി. ഫത്താഹ്, ഷബീനാസ് കുനിങ്ങാട്, റഹീസ് ചെമ്പിലോട്, ഫൈസൽ യു. പി, ഫൈസൽ പെരിന്തൽമണ്ണ, ഇബ്രാഹിം വട്ടപ്പാറ, ജാഫർ തെന്നല, മുസ്തഫ കെ. വി, റഷീദ് കുയ്തേരി, ബാവ വെട്ടം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.