ആവശ്യമെങ്കിൽ യുഎസ് നാവികസേന ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾക്ക് അകമ്പടിപോകും-ഡൊണാൾഡ് ട്രംപ്
സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഗൾഫ് വഴിയുള്ള സമുദ്ര വ്യാപാരത്തിന് റിസ്‌ക് ഇൻഷുറൻസും സാമ്പത്തിക ഗ്യാരണ്ടികളും നൽകണമെന്ന് ട്രംപ് യുഎസ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനോട് (ഡിഎഫ്സി) നിർദ്ദേശിച്ചു.
‘ഉടൻ തന്നെ പ്രാബല്യത്തിൽ വരട്ടെ, ഗൾഫ് വഴിയുള്ള എല്ലാ സമുദ്ര വ്യാപാരത്തിനും, പ്രത്യേകിച്ച് ഊർജത്തിനും, വളരെ ന്യായമായ വിലയ്ക്ക്, റിസ്‌ക് ഇൻഷുറൻസും സാമ്പത്തിക സുരക്ഷയ്ക്കുള്ള ഗ്യാരണ്ടികളും നൽകാൻ ഞാൻ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനോട് ഉത്തരവിട്ടു. ഇത് എല്ലാ ഷിപ്പിംഗ് ലൈനുകൾക്കും ലഭ്യമാകും. ആവശ്യമെങ്കിൽ, യുഎസ് നാവികസേന എത്രയും വേഗം ഹോർമുസ് കടലിടുക്കിലൂടെ ടാങ്കറുകൾക്ക് അകമ്പടി സേവിക്കാൻ തുടങ്ങും. എന്തുതന്നെയായാലും, ലോകത്തിലേക്ക് സ്വതന്ത്രമായ എണ്ണ ഒഴുക്ക് ഉറപ്പാക്കാൻ യുഎസിന് കഴിയും. യുഎസ് ലോകത്തിലെ ഏറ്റവുംവലിയ സാമ്പത്തിക, സൈനിക ശക്തിയാണ്. കൂടുതൽ നടപടികൾ വരാനിരിക്കുന്നു’ ട്രംപ് ട്രൂത്ത് സോഷ്യയിലൂടെ വ്യക്തമാക്കി.
ഹോർമുസിൽ തടസ്സം നേരിട്ടതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിരുന്നു. 2024ന് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് ബാരലിന് 85 ഡോളറിന് മുകളിലെത്തി.
ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിനെ ചങ്കിടിപ്പോടെയാണ് ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര ഊർജവിപണിയും ഉറ്റുനോക്കുന്നത്. കടലിടുക്ക് അനിശ്ചിതമായി അടച്ചിടുന്നത് ആഗോളതലത്തിൽ എണ്ണവില നിയന്ത്രണാതീതമായി ഉയരുന്നതിനിടയാക്കുമെന്നതാണ് പ്രധാന ആശങ്ക. ലോകം ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്. എണ്ണവില വീപ്പയ്ക്ക് 100 ഡോളർ കടന്നേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകുന്നു.തങ്ങളുടെ ഊർജശാലകൾ ആക്രമിക്കപ്പെട്ടതോടെ ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക ഉത്പാദകരായ ഖത്തർ തിങ്കളാഴ്ച ഉത്പാദനം നിർത്തിവെച്ചിരുന്നു.
പ്രതിദിനം പോകുന്നത് 1.3 കോടി വീപ്പ എണ്ണ
ഹോർമുസ് അടയ്ക്കൽ, എണ്ണ ഏറ്റവും കൂടുതൽ ഇറക്കുമതിചെയ്യുന്ന ഏഷ്യയെയാകും കാര്യമായി ബാധിക്കുക. പ്രത്യേകിച്ച് ഇന്ത്യ, തായ്ലാൻഡ്, ദക്ഷിണകൊറിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളെ.2025-ലെ കണക്കനുസരിച്ച് പ്രതിദിനം 1.3 കോടി വീപ്പ എണ്ണയാണ് ഹോർമുസിലൂടെ പോകുന്നത്. കടൽവഴിമാത്രമുള്ള അസംസ്‌കൃത എണ്ണനീക്കത്തിന്റെ 31 ശതമാനം വരും ഇതെന്ന് ഊർജ കൺസൾട്ടിങ് സ്ഥാപനമായ കെപ്ലർ പറയുന്നു.ആഗോളതലത്തിൽ ദ്രവീകൃതപ്രകൃതിവാതകത്തിന്റെ 20 ശതമാനം വിതരണവും ഹോർമുസ് വഴിയാണ്. ഇതെല്ലാം ഗൾഫ് രാജ്യങ്ങളിൽനിന്നുവരുന്നതാണ്. ഇന്ത്യയുടെ എൽ.എൻ.ജി. ഇറക്കുമതിയുടെ 53 ശതമാനവും ഖത്തറിൽനിന്നും യു.എ.ഇ.യിൽനിന്നുമാണ്
ചൈനയുടെ ഊർജസുരക്ഷയ്ക്കുമേലുള്ള പരീക്ഷണം കൂടിയാകും ഹോർമുസ് അടയ്ക്കൽ. ചൈനയിലേക്കുള്ള എണ്ണയുടെ 40 ശതമാനവും ഹോർമുസിലൂടെയാണ് പോകുന്നത് ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരാണ് ചൈന. അതിന്റെ 80 ശതമാവും ഇറാനിൽനിന്നാണ്. എൽ.എൻ.ജി. ഇറക്കുമതിയുടെ 30 ശതമാനം ഖത്തറിൽനിന്നും യു.എ.ഇ.യിൽനിന്നുമാണ്.അതേസമയം, ചൈനയുടെ പക്കലുള്ള എണ്ണ-വാതകശേഖരവും മറ്റുരാജ്യങ്ങളിൽനിന്നുള്ള ബദൽ ഊർജവാഗ്ദാനങ്ങളും കണക്കിലെടുത്താൽ ഹോർമുസ് പ്രതിസന്ധിയെ ചൈന അതിജീവിക്കുമെന്നാണ് കണക്കാക്കുന്നത്.