അബുദാബി എയർപോർട്ട് സിറ്റി ചെക്ക് ഇൻ സേവനം മുറൂർ റോഡിൽ തുറന്നു.
അബുദാബി : നഗരഹൃദയത്തിൽ നിന്നുള്ള വിമാന യാത്രക്കാർക്കായി എയർപോർട്ട് സിറ്റി ചെക്ക് ഇൻ സൗകര്യം മുറൂർ റോഡിലുള്ള എത്തിഹാദ് എയർവെയ്‌സ് ഓഫീസിൽ ആരംഭിച്ചു. മദീന സായിദ് ഷോപ്പിംഗ് മാളിന് എതിർവശത്തുള്ള കേന്ദ്രത്തിലാണ് ഇന്ന് മുതൽ സിറ്റി ചെക്ക് ഇൻ സേവനം ആരംഭിച്ചത്.വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്. മൊറാഫിക് ഏവിയേഷൻ സർവീസിന്റെ കീഴിൽ ആരംഭിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുക. എത്തിഹാദ് എയർ വെയ്‌സ് , എയർ അറേബ്യാ , ഇൻഡിഗോ , വിസ് എയർ , ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. അബുദാബി മീന തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും , യാസ് ഐലൻഡിലെ ക്രൗൺ പ്ലാസ ഹോട്ടൽ , മുസ്സഫ ഷാബിയാ പതിനൊന്ന് , അലൈൻ കുവൈറ്റാറ്റ് ലുലുമാൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സിറ്റി ചെക്ക് ഇൻ കേന്ദ്രങ്ങൾ രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ് പ്രവർത്തിക്കുന്നത്.

ബാഗേജുകൾ നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തി നീണ്ട ക്യൂ വിൽ കാത്തു നിൽക്കാതെ നേരിട്ട് എമിഗ്രെഷൻ വിഭാഗത്തിലേക്ക് പോകാം എന്നതാണ് സിറ്റി ചെക്ക് ഇൻ സേവനത്തെ ജനപ്രിയമാക്കുന്നതു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസപ്രദമാണ് മുൻകൂർ ചെക്ക് ഇൻ സൗകര്യം. മുതിർന്നവർക്ക് 35 ദിർഹവും, കുട്ടികൾക്ക് 25 ദിർഹവുമാണ് ചെക്ക് ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് 800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.