ഐ സി എ ഐ അബുദാബി ചാപ്റ്റർ അബുദാബി ഇന്ത്യൻ സ്കൂൾ മുറൂർ വിദ്യാർത്ഥികൾക്കായി കരിയർ കൗൺസലിംഗ് സെഷൻ സംഘടിപ്പിച്ചു.
അബുദബി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ( ഐ സി എ ഐ) അബുദാബി ചാപ്റ്റർ അബുദാബി ഇന്ത്യൻ സ്കൂൾ മുറൂർ വിദ്യാർത്ഥികൾക്കായി കരിയർ കൗൺസലിംഗ് സെഷൻ സംഘടിപ്പിച്ചു. ഗ്രേഡ് 9 മുതൽ 12 വരെയുള്ള 800-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി കരിയർ പ്ലാനിംഗിനെക്കുറിച്ചുള്ള സമഗ്ര വിനിമയ വേദിയായി. ചാപ്റ്റർ ചെയർമാൻ സി എ കൃഷ്ണന്റെ മുഖ്യപ്രഭാഷണം നടത്തി. മാനേജിംഗ് കമ്മിറ്റിയംഗവും അക്കൗണ്ടിംഗ് ട്രെയിനറുമായ സി എ സുമാ രാജേഷ് ചാർട്ടേഡ് അക്കൗണ്ടൻസി പഠനപഥം എന്ന വിഷയത്തിൽ സംസാരിച്ചു. സി എ കാവ്യ ജയപ്രകാശ് സിഎ യോഗ്യതയിലേക്കുള്ള സ്വന്തം അനുഭവങ്ങളും വിജയകഥയും വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

ഐ ഡി പി എജുക്കേഷനിൽ നിന്നുള്ള ധന്യ വിൽസൺ, ജൂലിയസ് റെയ്‌സ് എന്നിവർ ഉയർന്ന വിദ്യാഭ്യാസ അവസരങ്ങൾ, കരിയർ ഓപ്ഷനുകൾ, വ്യക്തിയുടെ കഴിവുകളെയും താൽപര്യങ്ങളെയും തിരിച്ചറിയുന്നതിനുള്ള മാർഗങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ റിഷികേഷ് പടേഗാവങ്കർ വിദ്യാർത്ഥികൾക്ക് നൽകിയ അറിവും പ്രചോദനവും വളരെയധികം പ്രയോജനപ്പെടുമെന്ന് വ്യക്തമാക്കി.