ഐഎസ്‌സി വനിതാ സംഗമം ലോക റിക്കാർഡ് പട്ടികയിൽ
അബുദാബി : ഇന്ത്യ സോഷ്യൽ സെന്‍റർ വിമൻസ് ഫോറം സംഘടിപ്പിച്ച വനിതാ സംഗമം ഐൻസ്റ്റീൻ ലോക റിക്കാർഡ് പട്ടികയിൽ ഇടം പിടിച്ചു.സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി ഒരുക്കിയത്.പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞെത്തിയാണ് വനിതകൾ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിയത്. രണ്ടു തലമുറകൾ ഒരേ ലക്ഷ്യം എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. “തിരിച്ചറിയൂ, കരുത്തരാകൂ, സ്തനാർബുദത്തെ പരാജയപ്പെടുത്തൂ’ – എന്നതായിരുന്നു സംഗമത്തിന്‍റെ പ്രമേയം.സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ആയിരം അമ്മമാർ അവരുടെ പെണ്മക്കൾക്കൊപ്പം പങ്കെടുത്തുകൊണ്ടാണ് റിക്കാർഡ് നേട്ടം കൈവരിച്ചതെന്ന് വിമൻസ് ഫോറം കൺവീനർ ഡോ. ശ്രീദേവി ശിവാനന്ദം അറിയിച്ചു.ഡോ. പ്രിയദർശിനി മുഖ്യസന്ദേശം നൽകി.

എൻഎംസി ഹെൽത്ത് കെയർ, സ്ത്രീകൾക്കാവശ്യമുള്ള വൈദ്യ പരിശോധനകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഐഎസ്‌സി പ്രസിഡന്‍റ് കെ. ജയചന്ദ്രൻ നായർ, സെക്രട്ടറി സത്യബാബു, വൈസ് പ്രസിഡന്‍റ് ഷാജി വള്ളിക്കാട്ടിരി, കെ.ടി.പി. രമേശ്, ഐൻസ്റ്റീൻ വേൾഡ് റെക്കോർഡ് ചെയർമാൻ എസ്. കാർത്തിക് കുമാർ, പ്രസിഡന്‍റ് ജോയ് ആന്‍റണി, കെകെആർ ഗ്രൂപ്പ് ചെയർമാൻ കണ്ണൻ രവി, കമ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറന്‍റ് ഓഫീസർ ആയിഷ അലി അൽ ഷെഹി, ഡാൻസ് മാസ്റ്റർ സാൻഡി, നോബൽ ഷാഹുൽ ഹമീദ്, ഡോ. അൻസാരി വാഹിദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ പ്രതിനിധികൾക്കും വേൾഡ് റിക്കാർഡ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.