ടീം അസുര മെഗാ ഷോ അസുര ബീറ്റ് സാഗ ചാപ്റ്റർ-2 ഇന്ന് ഐ എസ് സി യിൽ : പ്രവേശനം സൗജന്യം.
അബുദാബി: ടീം അസുരയുടെ രണ്ടാമത്തെ മെഗാ ഷോ അസുര ബീറ്റ് സാഗ ചാപ്റ്റർ-2 ഇന്ന് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ നടക്കും. ഇന്ന് വൈകിട്ട് 7 മുപ്പതു മുതൽ മുതൽ 10 വരെയാണ് പരിപാടി നടക്കുക. കലയോടുള്ള സമർപ്പണവും പാരമ്പര്യത്തിന്റെയും നവീനതയുടെയും സുന്ദരമായ ആവിഷ്കാരങ്ങളും കോർത്തിണക്കിയാണ് ബീറ്റ് സാഗ അരങ്ങിലെത്തുന്നത്. അസുര വാദ്യമായ ചെണ്ടയിൽ ചെമ്പട, ശിങ്കാരി മേളങ്ങളും ആധുനിക വദ്യോപകരണങ്ങളും സമന്വയിപ്പിച്ച് താളലയം തീർക്കുമ്പോൾ ആരാധകർക്ക് വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുക. അരുൺരാജ് കലാനിലയത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്നവരും വിദ്യാർഥികളും വീട്ടമ്മമാരും അടങ്ങുന്ന നൂറോളം കലാകാരന്മാരാണ് ആസ്വാദകർക്ക് അവിസ്മരണീയ ദൃശ്യവിരുന്നൊരുക്കുക. അരുൺരാജിനൊപ്പം ജാസ്മിൻ, ശ്യാം പൂവത്തൂർ,ജയൻ മൈനാകം, ജാസിർ ബിൻ സലിം, അരുൺ ശ്യാം, എന്നിവരാണ് ഈ മെഗാ ഷോക്ക് നേതൃത്വം നൽകുന്നത്. പ്രവേശനം സൗജന്യമാണ്.