ശുഭാൻശു ശുക്ലയുടെ AX- 4 ദൗത്യത്തിനിടെ നടത്തിയ പ്രമേഹ ഗവേഷണത്തിൽ വൻ വഴിത്തിരിവ്; പ്രമേഹമുള്ള ആദ്യ ബഹിരാകാശ യാത്രികനെ അയക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്
ന്യൂയോർക്ക്: ബഹിരാകാശ പര്യവേഷണത്തിലും പ്രമേഹ പരിചരണത്തിലും നിർണായക കണ്ടെത്തലുകൾ നടത്തി ആക്‌സിയം 4 ദൗത്യത്തിനിടെ നടന്ന പ്രമേഹ ഗവേഷണം ‘സ്വീറ്റ് റൈഡ് (Suite Ride).’ ശുഭാൻശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിനിടെ മൈക്രോഗ്രാവിറ്റിയിൽ നടത്തിയ പരീക്ഷണത്തിന്റെ പ്രാഥമിക ഫലങ്ങളാണ് ചരിത്രപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത്. യുഎഇ ആസ്ഥാനമായുള്ള ബുർജീൽ ഹോൾഡിങ്സിന്റെയും യുഎസ് ആസ്ഥാനമായുള്ള ആക്സിയം സ്പെയ്സിന്റെയും സംയുക്ത ഗവേഷണമായ സ്വീറ്റ് റൈഡ് ആക്സിയം – 4 മിഷന്റെ ഭാഗമായാണ് പരീക്ഷണങ്ങൾ നടത്തിയത്.
ഭൂമിയിൽ ദശലക്ഷക്കണക്കിന് ആളുകൾ ദൈനംദിനം ഉപയോഗിക്കുന്ന പ്രമേഹ ഉപകരണങ്ങൾ ബഹിരാകാശത്ത് ഫലപ്രദമായി പ്രവർത്തിക്കുമെന്നും അതിലൂടെ പ്രമേഹ നിരീക്ഷണം നടത്തി ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്കും തിരികെ ബഹിരാകാശത്തേക്കും വിവരങ്ങൾ കൈമാറാമെന്നും കണ്ടെത്തി. ഇതിലൂടെ ഭാവിയിൽ പ്രമേഹ രോഗികൾക്ക് ബഹിരാകാശ യാത്ര സാധ്യമാക്കാനും വിദൂര ആരോഗ്യ സംരക്ഷണത്തിൽ പുതിയ പരിഹാരങ്ങൾ കണ്ടെത്താനും കഴിയും. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, പ്രമേഹമുള്ള ആദ്യത്തെ ബഹിരാകാശ യാത്രികനെ അയക്കാനുള്ള പദ്ധതി ബുർജീൽ ഹോൾഡിങ്സ് പ്രഖ്യാപിച്ചു.

ഡോ. ഷംഷീർ വയലിൽ, ആക്സിയം സ്പേസ് സിഇഒ തേജ്പോൾ ഭാട്ടിയ, മറ്റ് ആഗോള ബഹിരാകാശ, ആരോഗ്യവിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിൽ ന്യൂയോർക്കിലെ ബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം. ഇതിന് മുന്നോടിയായി സ്വീറ്റ് റൈഡിന്റെ കണ്ടെത്തലുകളും പുതിയ ദൗത്യവും ടൈംസ് സ്ക്വയറിൽ അവതരിപ്പിച്ചു.“ബഹിരാകാശ യാത്ര മാത്രമല്ല ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രമേഹരോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ നൽകാനും ഇതിലൂടെ സാധിക്കും,” ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
നിരവധി ചരിത്രനേട്ടങ്ങൾ
ബഹിരാകാശ നിലയത്തിലെ അംഗങ്ങളിൽ തുടർച്ചയായി ഗ്ലൂക്കോസ് നിരീക്ഷണം നടത്തിയ ആദ്യ ദൗത്യമാണിത്. ബഹിരാകാശത്തേക്കയച്ച ആദ്യ ഇൻസുലിൻ പേനകൾ, ഒന്നിലധികം രീതികളുടെ സഹായത്തോടെ ബഹിരാകാശത്ത് ആദ്യമായി നടത്തിയ ഗ്ളൂക്കോസ് മോണിറ്ററിങ് സാധൂകരണം തുടങ്ങിയ ചരിത്ര നേട്ടങ്ങളും സ്വീറ്റ് റൈഡ് കൈവരിച്ചു.
ലോകമെമ്പാടുമുള്ള 500 മില്യണിലധികം പ്രമേഹ രോഗികൾക്ക് രോഗത്തിന്റെ പരിമിതികളെ മറികടന്ന് മുന്നേറാനുള്ള പ്രതീക്ഷ കൂടിയാണ് സ്വീറ്റ് റൈഡ്. നിലവിൽ പ്രമേഹ രോഗികൾക്ക് ബഹിരാകാശ യാത്ര സാധ്യമല്ല. സ്വീറ്റ് റൈഡ് ഫലങ്ങളനുസരിച്ച് കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് (സി ജിഎം), ഇൻസുലിൻ പേനകൾ എന്നിവയ്ക്ക് ബഹിരാകാശത്തെ ഏറ്റവും തീക്ഷ്ണമായ സാഹചര്യത്തിലും ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കും. ആദ്യ ഫലങ്ങൾ പ്രകാരം സിജിഎം ഉപകരണങ്ങൾ ഭൂമിയിൽ കാണിക്കുന്ന അതെ കൃത്യതയോടെ ബഹിരാകാശത്തും പ്രവർത്തിക്കും. ഇതിലൂടെ മൈക്രോഗ്രാവിറ്റിയിൽ ബഹിരാകാശ യാത്രികരുടെ ഗ്ളൂക്കോസ് നില തത്സമയം നിരീക്ഷിക്കാനും, വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറാമാനും സാധിക്കും. ബഹിരാകാശ യാത്രയിൽ മാത്രമല്ല, വിദൂര ആരോഗ്യ സംരക്ഷണത്തിൽ നൂതന വഴികളും ഇതിലൂടെ തുറക്കുകയാണ്, ബുർജീലിന്റെ സ്വീറ്റ് റൈഡ് ക്ലിനിക്കൽ ലീഡ് ഡോ . മുഹമ്മദ് ഫിത്യാൻ പറഞ്ഞു.

ബഹിരാകാശ നിലയത്തിലേക്ക് അയച്ച ഇൻസുലിൻ പേനകളിൽ ഫോർമുലേഷന്റെ സമഗ്രത വിലയിരുത്തുന്നതിനായി നിലവിൽ പോസ്റ്റ്-ഫ്ലൈറ്റ് പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കൊമേഷ്യൽ ഇൻസുലിൻ പേനകൾക്ക് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ISO) മാർഗനിർദേശങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മൈക്രോഗ്രാവിറ്റിയിൽ കൃത്യമായ ഡോസുകൾ നൽകാൻ കഴിയുമെന്ന് വിജയകരമായി സ്ഥിരീകരിച്ച ഗാലക്റ്റിക് 07 ദൗത്യത്തിലെ ഗവേഷണത്തിന്റെ തുടർച്ചയാണ് സ്വീറ്റ് റൈഡ്.
ബഹിരാകാശ ഗവേഷണങ്ങൾ ഇതിന് മുൻപും വൈദ്യശാസ്ത്ര നവീകരണത്തിന് പ്രചോദനം നൽകിയിട്ടുണ്ട്. 1970 കളിൽ, വൈക്കിംഗ് മാർസ് ലാൻഡറിനായി രൂപകൽപ്പന ചെയ്ത ഒരു മിനിയേച്ചർ പമ്പ് പിന്നീട് ലോകത്തിലെ ആദ്യത്തെ ധരിക്കാവുന്ന ഇൻസുലിൻ പമ്പായി മാറി. ബഹിരാകാശ യാത്രയിലും വിദൂര ആരോഗ്യസംരക്ഷണത്തിലും മാറ്റങ്ങൾ കൊണ്ട് വരുന്നതിലൂടെ ഈ പാരമ്പര്യത്തിലെ അടുത്ത അധ്യായമാണ് സ്വീറ്റ് റൈഡ് തുറക്കുന്നത്.