23 കോടി ദിർഹമിന്‍റെ റോഡ് വികസന പദ്ധതിയുമായി അജ്മാൻ നഗരസഭ
നഗരമധ്യത്തിലെ റോഡുകൾ വികസിപ്പിക്കുന്നതിന് 23 കോടി ദിർഹത്തിന്‍റെ വികസന പദ്ധതിയുമായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ്. അടിസ്ഥാന സൗകര്യ കാര്യക്ഷമത വർധിപ്പിക്കുന്നതിനും താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ‘വിഷന്‍ 2030’ പദ്ധതിയുമായി സഹകരിച്ച് എമിറേറ്റിലെ റോഡ് ശൃംഖലയുടെ ഗുണനിലവാരവും കണക്റ്റിയും മെച്ചപ്പെടുത്തും. എമിറേറ്റിലെ സുപ്രധാന മേഖലകളിലെ റോഡ് ശൃംഖല വികസിപ്പിക്കുക, അതുവഴി ഗതാഗതം മെച്ചപ്പെടുത്തുക, റെസിഡൻഷ്യൽ, വാണിജ്യ, സേവന മേഖലകൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള രണ്ട് പ്രധാന ഘട്ടങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. റാശിദിയ, ലിവാര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പദ്ധതി നഗരമധ്യത്തിൽ നേരിട്ട് വലിയ സ്വാധീനം ചെലുത്തും. റോഡുകൾ മൂന്ന് വരികളായി വികസിപ്പിക്കുന്നതോടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായാല്‍ മണിക്കൂറിൽ 12000 ൽ അധികം വാഹനങ്ങളെ ഉൾക്കൊള്ളാനാകും. യാത്രാ സമയം 45 ശതമാനം വരെ കുറയും.