PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIകുട്ടികളെ കാറിനുള്ളിൽ തനിയെ ഇരുത്തിയാൽ കടുത്ത ശിക്ഷ

കുട്ടികളെ കാറിനുള്ളിൽ തനിയെ ഇരുത്തിയാൽ കടുത്ത ശിക്ഷ

കുട്ടികളെ കാറിനുള്ളിൽ തനിയെ ഇരുത്തിയാൽ കടുത്ത ശിക്ഷ

ദുബൈ: യുഎഇയിൽ വേനൽക്കാല താപനില 45 ഡിഗ്രി മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന സാഹചര്യത്തിൽ കുട്ടികളെ വാഹനങ്ങൾക്കുള്ളിൽ തനിയെ ഇരുത്തിപ്പോകുന്ന രക്ഷിതാക്കൾക്കെതിരെ അതീവ ജാഗ്രതാ നിർദേശവുമായി ഷാർജ, അജ്മാൻ, ഫുജൈറ പൊലീസ്. ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ചകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയമായിരിക്കും സ്വീകരിക്കുകയെന്ന് പൊലീസ് വ്യക്തമാക്കി. അപകടങ്ങൾ ഒഴിവാക്കാൻ വടക്കൻ എമിറേറ്റുകളിലെ പൊലീസ് സേനകൾ സംയുക്തമായി വൻതോതിലുള്ള ബോധവൽക്കരണ കാമ്പയിനുകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

കുട്ടികളെ വാഹനങ്ങളിൽ മറന്നു വെക്കുന്നതും തനിയെ ഇരുത്തിപ്പോകുന്നതും കേവലമൊരു അശ്രദ്ധയല്ല, മറിച്ച് ഗുരുതരമായ ക്രിമിനൽ കുറ്റമായാണ് യുഎഇ നിയമം കണക്കാക്കുന്നത്. യുഎഇ ചൈൽഡ് റൈറ്റ്‌സ് നിയമപ്രകാരം കുട്ടികളെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ഉപേക്ഷിക്കുന്നത് കടുത്ത അവഗണനയുടെ പരിധിയിൽ വരും. ഈ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കുമെതിരെ ലക്ഷക്കണക്കിന് രൂപയുടെ കനത്ത സാമ്പത്തിക പിഴയും തടവ് ശിക്ഷയും ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ചെറിയ ആവശ്യങ്ങൾക്കായി ‘വെറും കുറച്ചു മിനിറ്റത്തേക്ക്’ എന്ന് കരുതി കുട്ടികളെ ലോക്ക് ചെയ്ത കാറിലിരുത്തി പോകുന്നത് വലിയ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് ഷാർജ പൊലീസ് ട്രാഫിക് ആന്റ് പട്രോൾസ് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയർ ഖാലിദ് അൽ കായ് മുന്നറിയിപ്പ് നൽകി. പുറത്തെ താപനില 45 ഡിഗ്രി പിന്നിടുമ്പോൾ, പാർക്ക് ചെയ്ത വാഹനത്തിനുള്ളിലെ അന്തരീക്ഷം വെറും പത്ത് മിനിറ്റിൽ 60 ഡിഗ്രിയോ അതിൽ കൂടുതലോ ആയി ഉയരും. മുതിർന്നവരേക്കാൾ 3 മുതൽ 5 മടങ്ങ് വരെ വേഗത്തിലാണ് കുട്ടികളുടെ ശരീര താപനില ഉയരുക. ഇത് പെട്ടെന്ന് തന്നെ ശ്വാസതടസ്സം, കടുത്ത ഹീറ്റ് സ്ട്രോക്ക്, തലച്ചോറിന് തകരാർ എന്നിവയ്ക്ക് കാരണമാകുകയും ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്യും.

വാഹനം ലോക്ക് ചെയ്യുന്നതിന് മുമ്പ് പിൻസീറ്റ് പരിശോധിക്കുന്നത് പതിവാക്കണമെന്നും കുട്ടികൾക്ക് കാറിന്റെ ചാവി കളിക്കാൻ നൽകരുതെന്നും പൊലീസ് ഓർമിപ്പിച്ചു. എ.സി ഓണാക്കി എഞ്ചിൻ പ്രവർത്തിപ്പിച്ചു നിർത്തിയാൽ പോലും കുട്ടികളെ വാഹനത്തിൽ തനിയെ ഇരുത്തരുതെന്ന് അജ്മാൻ പൊലീസ് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ റാഷിദ് ഹമീദ് ബിൻ ഹിന്ദിയും വ്യക്തമാക്കി. ചെറിയ അശ്രദ്ധ കൊണ്ട് ഒരു കുഞ്ഞിന്റെ ജീവൻ വരെ നഷ്ടപ്പെട്ടേക്കാം. ഏതെങ്കിലും വാഹനത്തിൽ കുട്ടി തനിയെ കുടുങ്ങിക്കിടക്കുന്നത് കണ്ടാൽ ഒട്ടും സമയം കളയാതെ അടിയന്തര രക്ഷാപ്രവർത്തനത്തിനായി 999 എന്ന നമ്പറിൽ വിളിച്ച് പൊലീസിനെയോ റെസ്ക്യൂ ടീമിനെയോ വിവരമറിയിക്കാനും പൊതുജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു.

Share With:
Rate This Article

it@redxmedia.ae

No Comments

Leave A Comment