റാസൽഖൈമ ഭരണാധികാരിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി.
റാസൽഖൈമ : ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും സാമ്പത്തിക, വ്യാപാര മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ റാസൽഖൈമ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. റാസൽഖൈമ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ സ്വീകരിച്ചത്.സഖർ ബിൻ മുഹമ്മദ് സിറ്റിയിലെ ഷെയ്ഖ് സൗദിന്റെ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ വിവിധ വശങ്ങൾ ചർച്ചയായി. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുല്ല സൈഫ് അൽ നുഐമി എന്നിവരും സന്നിഹിതരായിരുന്നു. ഇന്ത്യയും റാസൽഖൈമയും തമ്മിലുള്ള പരമ്പരാഗതമായ അടുപ്പത്തെ ഷെയ്ഖ് സൗദ് പ്രശംസിച്ചു. വിവിധ പ്രധാന മേഖലകളിൽ പുതിയ നിക്ഷേപ അവസരങ്ങൾ കണ്ടെത്താനും ബന്ധം കൂടുതൽ ഊർജിതമാക്കാനും ഈ കൂടിക്കാഴ്ച സഹായകരമാകും എന്ന് അദ്ദേഹം വ്യക്തമാക്കി. ഊഷ്മളമായ സ്വീകരണത്തിന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ റാസൽഖൈമ ഭരണാധികാരിയോട് നന്ദി രേഖപ്പെടുത്തി. രാജ്യാന്തര തലത്തിൽ യുഎഇ കൈവരിച്ചിട്ടുള്ള ഉന്നതമായ വളർച്ചയെയും അദ്ദേഹം അഭിനന്ദിച്ചു.