വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കെ ദുരന്തം; ഫുജൈറയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.
ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക് പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. ഫുജൈറയിൽ ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ചാണ് മൂവാറ്റുപുഴ സ്വദേശി റെസ്വിന് റഷീദ് തെള്ളിക്കുന്നേല് (24) മരിച്ചത്. മാറാടി സ്വദേശിയായ റെസ്വിൻ ഫുജൈറ സിറ്റി സെന്ററിലെ അല് ബൈക്ക് കൗണ്ടറില് സെയില്സ്മാനായിരുന്നു.ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റെസ്വിന്റെ ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ച് അപകടമുണ്ടായത്. ഡിസംബറില് കല്യാണം ഉറപ്പിച്ചിരുന്ന റസ് വിന്, നവംബര് ആദ്യം ലീവിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലായിരുന്നു.മൃതദേഹം തുടര് നടപടികള്ക്കായി ഫുജൈറ ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. നാട്ടില് എത്തിക്കാനുള്ള നടപടിക്രമങ്ങള് നടന്നു വരികയാണ്. പിതാവ്: റഷീദ്. മാതാവ്: സീനത്ത്. സഹോദരങ്ങള്: റമീസ്, ഫിദ. മുഹമ്മദ് ഗരിയ്യ, ഇബ്രാഹീം ആലമ്പാടി, നിഷാദ് വാഫി തുടങ്ങിയ കെ.എം.സി.സി. പ്രവര്ത്തകരുടെ നേതൃത്വത്തില് തുടര് നടപടികള് സ്വീകരിച്ചു വരികയാണ്.