കായികശേഷി വളർത്താൻ ചാംപ്യൻഷിപ്പുമായി അബുദാബി; അധ്യയനവർഷം മുഴുവൻ മത്സരങ്ങൾ
രണ്ടുതരത്തിലാണ് മത്സരങ്ങൾ. 17, 19 വയസ്സിൽ താഴെയുള്ളവർക്കായി എലൈറ്റ് ലീഗ് നടത്തും. ഫുട്ബോൾ, ബാസ്കറ്റ്ബോൾ, വോളിബോൾ, പാഡൽ, അത്‌ലറ്റിക്സ്, ജിയു-ജിറ്റ്സു, നീന്തൽ എന്നീ ഏഴ് ഇനങ്ങളിൽ ആഴ്ചതോറും മത്സരങ്ങളുണ്ടാകും. ഒൻപത് മുതൽ 19 വയസ്സുവരെയുള്ളവർക്കായി സ്കൂളുകൾ തമ്മിലുള്ള ടൂർണമെന്റുകളും നടക്കും. റഗ്ബി, അമ്പെയ്ത്ത്, ബാഡ്മിന്റൻ, ചെസ്, സൈക്ലിങ്, ഫെൻസിങ്, ജൂഡോ, ഒബ്സ്റ്റക്കിൾ കോഴ്സ് റേസിങ്, ലേസർ റൺ, ടേബിൾ ടെന്നിസ്, തയ്ക്വാൻഡോ, ഗുസ്തി എന്നിവ ഇതിൽ ഉൾപ്പെടും. 11 മുതൽ 15 വയസ്സുവരെയുള്ളവർക്ക് ഫുട്ബോൾ, ബാസ്കറ്റ്ബോൾ, വോളിബോൾ, അത്‌ലറ്റിക്സ്, ജിയു-ജിറ്റ്സു, നീന്തൽ എന്നീ ഇനങ്ങളിലും മത്സരിക്കാം.
ഭിന്നശേഷിക്കാർക്കും തുല്യപങ്കാളിത്തം ഉറപ്പാക്കാൻ സ്പെഷൽ ഒളിംപിക്സ് യുഎഇയുമായി സഹകരിച്ച് പ്രത്യേക മത്സരങ്ങളും സംഘടിപ്പിക്കും.മികച്ച പ്രകടനം നടത്തുന്ന സ്കൂളുകൾക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും പരിശീലകർക്കും പുരസ്കാരങ്ങളും മറ്റ് ആനുകൂല്യങ്ങളും നൽകും. വിദ്യാർഥികളുടെ പഠനച്ചെലവിനും കായിക വികസനത്തിനുമുള്ള സ്കോളർഷിപ്പുകൾ, കായിക സൗകര്യങ്ങളും ഉപകരണങ്ങളും മെച്ചപ്പെടുത്താനുള്ള ധനസഹായം, അധ്യാപകർക്കും പരിശീലകർക്കും പരിശീലനം എന്നിവയും പദ്ധതിയിലുണ്ട്.അഡെകിന്റെ പ്രതിഭാതിരിച്ചറിയൽ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മികവുള്ള വിദ്യാർഥികൾക്ക് ഓൾ-സ്റ്റാർ പദ്ധതിയിൽ ഇടം നേടാം. പ്രഫഷനൽ പരിശീലനം, പ്രാദേശിക-രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം, ക്ലബ്ബുകളിലേക്കും അക്കാദമികളിലേക്കും പ്രഫഷനൽ കായികരംഗത്തേക്കുമുള്ള പ്രവേശനം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.