മലയാളം മിഷൻ അബുദാബി; ഐസിഎഫിൽ 111-ാമത് പഠനകേന്ദ്രത്തിന് തുടക്കം കുറിച്ചു
അബുദാബി : മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ ആരംഭിക്കുന്ന 111-ാമത് പഠനകേന്ദ്രത്തിനു തുടക്കം കുറിച്ചു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷ (ഐസിഎഫ്) നു കീഴിലെ നാലാമത്തെ പഠനകേന്ദ്രമാണിത്. പുതിയ പഠനകേന്ദ്രത്തിൽ കണിക്കൊന്ന പാഠ്യപദ്ധതിയായിരിക്കും പഠിപ്പിക്കുക. സൂര്യകാന്തി, ആമ്പൽ ക്ലാസുകൾ ഇവിടെ നടന്നുവരുന്നുണ്ട്. പുതിയ പഠനകേന്ദ്രത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഐസിഎഫ് സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഐസിഎഫ് കോർഡിനേറ്റർ നാസർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
പുതിയ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു. മേഖല കോർഡിനേറ്റർ രമേശ് ദേവരാഗം, ഐസിഎഫ് വൈസ് പ്രസിഡന്റ് സിദ്ദീഖ് അൻവരി എന്നിവർ ആശംസ നേർന്നു.
അബുദാബി ചാപ്റ്ററിനു കീഴിൽ നിലവിൽ 110 പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തി ഇരുനൂറോളം വിദ്യാർത്ഥികൾ 123 അധ്യാപകരുടെ കീഴിൽ സൗജന്യമായി മലയാള ഭാഷയുടെ മാധുര്യം നുകർന്നുവരുന്നു. ചടങ്ങിൽ മലയാളം മിഷൻ സീനിയർ അദ്ധ്യാപകൻ ഇബ്രാഹിം കുട്ടി സ്വാഗതവും സുബൈർ ചെലവൂർ നന്ദിയും പറഞ്ഞു.