ഭരത് മുരളി നാടകോത്സവം; നൂതന പരീക്ഷണവുമായി ഹസിം അമരവിളയുടെ ‘മാക്ബത് ദി ലാസ്റ്റ് ഷോ’ അരങ്ങേറി
അബുദാബി: നൂതന പരീക്ഷണങ്ങളുടെ വേദിയായി മാറുകയാണ് 14-ാമത് ഭരത് മുരളി നാകോത്സവമെന്ന് ഹസിം അമരവിളയുടെ ‘മാക്ബത് ദി ലാസ്റ്റ് ഷോ’ ബോധ്യപ്പെടുത്തുന്നു. സോവിയറ്റ് സ്റ്റേഷൻ കടവിന് ശേഷം ഹസിം അമരവിള രചനയും സംവിധാനവും നിർവ്വഹിച്ച ‘മാക്ബത് ദി ലാസ്റ്റ് ഷോ’ അൽ ഐൻ ക്രിയേറ്റീവ് ക്ലൗഡാണ് നാടകോത്സവത്തിലെ ഏഴാമത്തെ നാടകമായി രംഗത്തവതരിപ്പിച്ചത്.’മാക്ബത് ദ ലാസ്റ്റ് ഷോ’ യിലൂടെ പ്രവാസ ലോകത്ത് ജീവിക്കുവാനായി പാടുപെടുന്നതിനിടയിലും നാടക പ്രവർത്തനങ്ങളെ നെഞ്ചോട് ചേർത്തുവെച്ച കുറച്ചു മനുഷ്യരുടെ ഹൃദയ സ്പർശിയായ ജീവിത കഥ വിശ്വവിഖ്യാതമായ മാക്ബത്തിന്റെ പശ്ചാത്തലത്തിൽ അതീവ തന്മയത്തത്തോടെ രംഗത്ത് അവതരിപ്പിക്കുകയായിരുന്നു. ജീവിത സന്ധാരണത്തിനിടയിൽ ഒരു നാടകം തട്ടകത്ത് കയറ്റുന്നതിനു വേണ്ടി നടത്തുന്ന ത്യാഗനിർഭരമായ പ്രവർത്തനങ്ങളും, മുപ്പത്തഞ്ച് വർഷം ഒരേ നാടകം രംഗത്തവതരിപ്പിച്ച നടീ നടന്മാരിൽ നിന്നും കഥാപാത്രങ്ങൾ വിട്ടൊഴിയാതെ പോവുകയും, ജീവിതത്തിന്റെ താളം പോലും തെറ്റിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹസിം നാടകത്തിലൂടെ വരച്ചു കാണിക്കാൻ ശ്രമിച്ചത്.

നീണ്ട മുപ്പത്തിയഞ്ച് വർഷക്കാലം എല്ലാദിവസവും മാക്ബത്തിലെ കഥാപാത്രങ്ങളായി ജീവിച്ച മനുഷ്യർ പെട്ടെന്ന് ഒരുദിവസം എല്ലാം അവസാനിപ്പിക്കുന്നു എന്ന് തീയേറ്റർ ഉടമയും സംവിധായകനുമായ ഷേക്സ്പിയർ കൃഷ്ണൻ പറയുമ്പോൾ, ആ ട്രൂപിലെ ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തിന്റെ താളംതെറ്റുന്നു. നാളെ മുതൽ തങ്ങൾ രാജാക്കന്മാരും പ്രഭുക്കന്മാരുമല്ല, വെറും സാധാരണ മനുഷ്യർ, എല്ലാ ദിവസവും അവർക്ക് കിട്ടിയിരുന്ന കയ്യടികൾ നാളെമുതലില്ല. ഈ യാഥാർഥ്യങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യമനസ്സുകളിലെ സങ്കീർണതകൾ വരച്ചുകാട്ടുന്ന ഒരു നാടകമാണിത്. നാടകമേത് ജീവിതമേത് എന്ന് തിരിച്ചറിയാനാകാതെ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരാണിതിലെ കഥാപാത്രങ്ങൾ. എല്ലാ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകിയിട്ടുള്ള ‘മാക്ബത് ദ ലാസ്റ്റ് ഷോ’യിലെ ഓരോ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഷറഫുദ്ദീൻ നേമം, ശ്രീജ ശ്രീനിവാസ്, സലിം ഹനീഫ, സിന്ധു ഷൈജു, അഷറഫ് ആലങ്കോട്, ശ്രീനിവാസ്, ജസ്റ്റിൻ, ശിവരാജ് എന്നിവർ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. അനൂപ് പുനെ ദീപവിതാനവും രഞ്ജിത്ത് രംഗ സജ്ജീകരണവും നിയന്ത്രിച്ചു. സിന്ധു, ശ്രീജ (വസ്ത്രാലങ്കാരം), ക്ലിന്റ് പവിത്രൻ (ചമയം) എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. രാജ് മോഹൻ നീലേശ്വരം രചിച്ച് ജോബ് മഠത്തിൽ സംവിധാനം ചെയ്യുന്ന 14-ാമത് ഭരത് മുരളി നാടകോത്സവത്തിലെ ഒൻപതാമത്തെ നാടകമായ ‘മോക്ഷം’ ജനുവരി 23, വെള്ളിയാഴ്ച ദുബൈ ഒന്റാരിയോ തിയറ്റേഴ്‌സ് അവതരിപ്പിക്കും.