ഭരത് മുരളി നാടകോത്സവം; ശക്തിയുടെ ‘പൊറാട്ട്’ വെള്ളിയാഴ്ച
അബുദാബി: 14-ാമത് ഭരത് മുരളി നാടകോത്സവത്തിൽ മൂന്നാമത്തെ നാടകമായ അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ‘പൊറാട്ട്’ യുവ സംവിധായകൻ നിഖിൽ ദാസിന്റെ സംവിധാനത്തിൽ ജനുവരി 9, വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് കേരള സോഷ്യൽ സെന്ററിന്റെ വേദിയിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ പതിമൂന്ന് എഡിഷനുകളിലും നാടകം അവതരിപ്പിച്ച ശക്തി തിയറ്റേഴ്‌സ് ഭരത് മുരളി നാടകോത്സവത്തിൽ അവതരിപ്പിക്കുന്ന14-ാമത്തെ നാടകമാണ് ‘പൊറാട്ട്’. ‘പൊറാട്ട്’ നാടകം എന്ന കലാരൂപത്തെ മുൻനിർത്തി, ഏറ്റവും ലളിതമായ ആഖ്യാന ശൈലിയിൽ നാടകത്തിനെ രൂപ പ്പെടുത്തി എടുക്കുന്നതിനു വേണ്ടിയാണു ശ്രമിക്കുന്നതെന്ന് സംവിധായകൻ നിഖിൽ ദാസ് അഭിപ്രായപ്പെട്ടു.

നടന്മാരെ പൊറാട്ടിന്റെ ചുവടുകളും പാട്ടുകളും പരീശീലിപ്പിക്കുകയും പൊറാട്ടു നാടകത്തിലെന്ന പോലെ വിഷയത്തിൽ ഊന്നി നിന്നുകൊണ്ട് അവരുടെ മനോധർമത്തിലൂടെ രംഗങ്ങൾ വികസിപ്പിച്ചെടുത്തും, തനതു വാദ്യങ്ങളും വായിപ്പാട്ടുകളും നാടകത്തിനായി ഉപയോഗിച്ചുമാണ് നാടകം രംഗത്താവതരിപ്പിക്കുന്നത്. സമകാലികമായ പരിസരത്തെയും നാടക ഭാഷ്യത്തിൽ കണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.ശക്തി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഓരോ നാടകവും ഒന്നിനൊന്ന് വേറിട്ട അനുഭവങ്ങളാണ് പ്രദാനം ചെയ്തിട്ടുള്ളത്. നാടകരംഗത്ത് നൂതനമായ ഒരു ദൃശ്യ സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതില്‍ ശക്തി തിയറ്റേഴ്‌സ് എന്നും മുമ്പിലുണ്ടായിരുന്നു. പ്രേക്ഷകന്റെ നാടകവേദിക്ക് രൂപം കൊടുക്കുക എന്നതായിരുന്നു ഈ രംഗത്ത് ശക്തി തിയറ്റേഴ്‌സ് നടത്തിയ പരീക്ഷണം. മുമ്പേ പോയവര്‍ക്ക് വെളിച്ചം പകരുവാനും പുറകെ വരുന്നവര്‍ക്ക് മാര്‍ഗ്ഗദീപമാകാനും ഇത് സഹായകരമായി.

പുതിയ കാലത്തെ നാടകങ്ങൾ അനുഭവപ്പെടുത്തിക്കൊണ്ട്, നൂതനമായ നാടക സങ്കേതങ്ങൾ സ്വാംശീകരിച്ചുകൊണ്ട് നാടകത്തിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന നിഖിൽദാസിൽ നിന്നും ശക്തി നാടക പ്രവർത്തകർക്ക് എക്കാലവും ഓർമ്മിക്കത്തക്ക അനുഭവങ്ങളാണ് സാധ്യമാക്കുന്നത്. ആ അനുഭവം നൂറിലേറെ കലാകാരന്മാരും കലാകാരികളും ഭാഗമാകുന്ന ‘പൊറാട്ട്’ലൂടെ പ്രേക്ഷകരിലേക്ക് പകരുമെന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് ശക്തി പ്രവർത്തകരും യുഎഇയിലെ നാടകപ്രേമികളും.