‘മരുഭൂമി മലയാളം’ കവർ ചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന ‘മരുഭൂമി മലയാളം’ എന്ന സ്മരണികയുടെ കവർ ചിത്രം മലയാളം മിഷൻ ചെയർമാൻ കൂടിയായ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മലയാളോത്സവം വേദിയിൽ വെച്ച് നടന്ന പ്രകാശനചടങ്ങളിൽ മലയാളം മിഷൻ വൈസ് ചെയർമാനും സാംസ്കാരിക വകുപ്പ് മന്ത്രിയുമായ സജി ചെറിയാൻ, നോർക്ക വൈസ് ചെയർമാൻ പദ്മശ്രീ ഡോ. എം. എ. യൂസുഫലി, എസ്. എഫ്. സി. ഗ്രൂപ്പ് ചെയർമാൻ കെ. മുരളീധരൻ, എസ്.എൻ.ഡി.പി. യോഗം യുഎഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ രാജൻ അമ്പലത്തറ, ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സലോണി സരോഗി, മലയാളം മിഷൻ യുഎഇ കോർഡിനേറ്റർ കെ. എൽ. ഗോപി, അബുദാബി ചാപ്റ്റർ ഉപദേശകസമിതി ചെയർമാൻ സൂരജ് പ്രഭാകർ, പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, കൺവീനർ എ. പി. അനിൽ കുമാർ, മേഖല കോർഡിനേറ്റർമാർ, അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പ്രശസ്ത ചിത്രകാരനായ ഉമേഷ് കാഞ്ഞങ്ങാടാണ് മരുഭൂമി മലയാളത്തിന്റെ മുഖചിത്രം രൂപകല്പന ചെയ്തത്. മലയാളം മിഷന്റെ ഭാഷാപ്രവർത്തന ചരിത്രവും മലയാളം മിഷൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സൃഷ്ടികളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മരുഭൂമി മലയാളം 2026 ആദ്യത്തിൽ പുറത്തിറങ്ങും.
അബുദാബിയിലെ മലയാളികൾക്കിടയിൽ മലയാള ഭാഷാ പ്രചാരണ രംഗത്ത് സ്‌തുത്യർഹമായ സേവനം അനുഷ്ടിച്ചുകൊണ്ടിരിക്കുന്ന മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ അഞ്ച് മേഖലകളിലായി നൂറിലേറെ പഠനകേന്ദ്രങ്ങളിലൂടെ രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ മലയാള ഭാഷയുടെ മാധുര്യം സൗജന്യമായി നുകർന്നുവരുന്നു.