സ്തനാർബുദ ബോധവൽക്കരണം : ലോക റിക്കാർഡ് ചടങ്ങ് അബുദാബി ഐ എസ് സി യിൽ
അബുദാബി: സ്തനാർബുദ ബോധവൽക്കരണം പ്രമേയമാക്കുന്ന വനിതകളുടെ സംഗമം ലോക റിക്കാർഡ് പട്ടികയിൽ ഇടം പിടിക്കുന്നു. നവംബർ 9 , ഞായറാഴ്ച്ച നാല് മണിക്ക് അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ നടക്കുന്ന വനിതാ സംഗമമാണ് ഐൻസ്റ്റീൻ വേൾഡ് റിക്കാർഡ് പട്ടികയിൽ ഇടം പിടിക്കാൻ ഒരുങ്ങുന്നത്. ഐ എസ് സി യുടെ വനിതാ വിഭാഗമായ വിമൻസ് ഫോറമാണ് രണ്ട് തലമുറയിലെ ആയിരത്തിയഞ്ഞൂറോളം വനിതകൾ അണിനിരക്കുന്ന ബോധവൽക്കരണ പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകുന്നത്.സ്‌നാർബുദ ബോധവൽക്കരണ പ്രചരണത്തിൽ ലോകത്തെ ഏറ്റവും വലിയ അമ്മ – മകൾ സംഗമം എന്ന വിഭാഗത്തിലാണ് ഐ എസ് സി വനിതാ സംഗമം റിക്കാർഡ് നേട്ടം കൈവരിക്കുകയെന്ന് വിമൻസ് ഫോറം കൺവീനറും ഐ എസ് സി യുടെ ജനറൽ ഗവർണ്ണറുമായ ഡോ. ശ്രീദേവി ശിവാനന്ദം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അഞ്ഞൂറിലധികം അമ്മമാർ അവരുടെ മകൾക്കൊപ്പോം പിങ്ക് വസ്ത്രങ്ങളണിഞ്ഞു സംഗമത്തിൽ പങ്കെടുത്തു കൊണ്ട് സ്‌നാർബുദ ബോധവൽക്കരണ പ്രതിജ്ഞ എടുക്കും. സോഷ്യൽ മീഡിയയിലുള്ള പ്രചരണത്തിന്റെ ഭാഗമായി പങ്കെടുക്കുന്ന വനിതകൾ സെൽഫികൾ പോസ്റ്റ് ചെയ്യുകയും , പ്രചരണ പേജിനെ ടാഗ് ചെയ്യുകയും ചെയ്യും. ഐ എസ് സി പ്രസിഡന്റ് ജയചന്ദ്രൻ നായർ കെ . സെക്രട്ടറി പി . സത്യബാബു , ട്രഷറർ ടി എൻ കൃഷ്ണൻ , എന്റർടൈൻമെന്റ് സെക്രട്ടറി കെ ടി പി രമേശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു