പ്രവാസി എന്ന നാടകം ഒക്ടോബർ നാളെ അബുദാബിയിൽ അരങ്ങേറും.
അബുദാബി: പ്രവാസജീവിതത്തിന്റെ കുടുംബ കഥ പറയുന്ന പ്രവാസി എന്ന സൂപ്പർ ഹിറ്റ് നാടകം ഒക്ടോബർ 17 നു അബുദാബിയിൽ അരങ്ങേറും. അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിലാണ് നാടകം അരങ്ങേറുക. പ്രശസ്ത നാടക പ്രവർത്തകനും, മലയാളീ സമാജം മുൻ പ്രസിഡന്റുമായ വക്കം ജയലാലും സംഘവും ആണ് നാടകം ഒരുക്കുന്നത്. ഒക്ടോബർ 17 വെള്ളിയാഴ്ച രാത്രി എട്ട് മണിക്കാണ് നാടകം അരങ്ങേറുക. ഗൾഫിലെ നാടക ചരിത്രത്തിൽ പതിനേഴിൽ പരം വേദികളിൽ അബുദാബി സമാജം അവതരിപ്പിച്ച ഏക നാടകം പ്രവാസി പതിനേഴ് വര്ഷങ്ങള്ക്കു മുൻപ് നാടക പ്രേമികൾ നെഞ്ചിലേറ്റിയ പ്രിയ നാടകം ഒരിക്കൽ കൂടി അരങ്ങിൽ എത്തുകയാണ്. പ്രവാസികളുടെ കരളലിയിക്കുന്ന കഥന കഥയുടെ നേർക്കാഴ്ചയാണ് നാടകത്തിൽ പ്രമേയമാകുന്നത്.
വക്കം ജയലാൽ ആശയ ആവിഷ്ക്കാരം നിർവഹിക്കുന്ന നാടകത്തിന്റെ രചന വി ആർ സുരേന്ദ്രനും, സംവിധാനം വക്കം ഷക്കീറുമാണ് നിർവഹിക്കുന്നത്. വക്കം ജയലാലിനൊപ്പം , ക്ലിന്റ് പവിത്രൻ, സുമിത്, ശ്രീ ബാബു, ഹുസ്സൈൻ , ഷീന സുനിൽ, സിനി റോയ്‌സ്, അനഘ രാഹുൽ എന്നിവരാണ് നാടകത്തിൽ കഥാപാത്രങ്ങളാകുന്നത്. അൻവർ ബാബു, അശോകൻ, മനോരഞ്ജൻ, നവനീത്, രാഹുൽ ലാൽ എന്നിവരാണ് പിന്നണിയിൽ പ്രവർത്തിക്കുന്നത്.

മികച്ച രചനയും അവതരണവും ഉൾപ്പടെ നിരവധി സംസ്ഥാന അവാർഡുകൾ നേടിയതാണ് പ്രവാസി എന്ന ഈ നാടകം. പതിറ്റാണ്ടുകൾക്കിപ്പുറം അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ കലാ വിഭാഗമാണ് നാടകം യു എ ഇ യിലെ നാടക പ്രേമികൾക്കായി ഒരുക്കുന്നത്.