ഹറം പള്ളികളുടെ ചരിത്രം: മ്യൂസിയം നിർമിക്കാൻ സൗദി
റിയാദ് : ഹജ്ജിന്റെയും മക്ക, മദീന ഹറം പള്ളികളുടെയും ചരിത്രവുമായി സ്ഥിരം മ്യൂസിയം നിർമിക്കാൻ സൗദി. ഹറം പള്ളികളുടെ പ്രത്യേക ഉപദേശകനും കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച് ആൻഡ് ആർക്കൈവ്സ് ചെയർമാനുമായ ഫൈസൽ ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.സമഗ്ര വിജ്ഞാന റഫറൻസ് കേന്ദ്രമാക്കി മ്യൂസിയത്തെ മാറ്റുകയാണ് ലക്ഷ്യം. എൻസൈക്ലോപീഡിയ ഓഫ് ഹജ് ആൻഡ് ദ് ടു ഹോളി മോസ്ക് എന്ന പേരിൽ വിജ്ഞാനകോശം ഇറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് മ്യൂസിയമാക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രവാചകന്റെ ജീവചരിത്രവും മ്യൂസിയത്തിൽ ഇടംപിടിക്കും. മക്ക ഗ്രാൻഡ് മോസ്ക് ഇമാം ഡോ. ഷെയ്ഖ് സാലിഹ് ബിൻ ഹുമൈദ്, മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ഇസ്സ, സൗദിയിലെ ഹജ്, ഉംറ മന്ത്രി തൗഫിഖ് അൽ റബീഅ തുടങ്ങി ആറംഗ സമിതി മേൽനോട്ടം വഹിക്കും.