മിസൈൽ – ഡ്രോൺ പ്രതിരോധം : അവശിഷ്ടം വീണ് കുവൈത്തിൽ ഒരാൾക്ക് പരിക്ക്പരിക്കേറ്റയാളുടെ നില തൃപ്തികരം.
കുവൈത്ത് സിറ്റി: മിസൈൽ – ഡ്രോൺ പ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ വീണ് കുവൈത്തിൽ ഒരാൾക്ക് പരിക്കേറ്റതായി കുവൈത്ത് ആർമി. ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ നിരവധി സ്ഥലങ്ങളിൽ അവശിഷ്ടങ്ങൾ വീണതായും പരിക്കേറ്റ വ്യക്തി ചികിത്സയിലാണെന്നും നില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.അതേസമയം, ഇന്ന് പുലർച്ചെ കുവൈത്ത് വ്യോമാതിർത്തിയിൽ സായുധ സേന 3 ബാലിസ്റ്റിക് മിസൈലുകൾ, ഒരു ക്രൂയിസ് മിസൈൽ, 10 ഡ്രോണുകൾ എന്നിവ വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സഊദ് അബ്ദുൽ അസീസ് അൽഉത്‌വാൻ പറഞ്ഞു.ലാൻഡ് ഫോഴ്സ് എഞ്ചിനീയറിംഗുമായി അഫിലിയേറ്റ് ചെയ്ത ഇൻസ്പെക്ഷൻ ആൻഡ് ഡിസ്പോസൽ ഗ്രൂപ്പ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ കൈകാര്യം ചെയ്തതായും അറിയിച്ചു.
യുഎഇ പ്രസിഡന്റ് കുവൈത്തിൽ
കുവൈത്തിൽ സൗഹൃദ സന്ദർശനം നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ. അദ്ദേഹത്തെയും കൂടെയുള്ള പ്രതിനിധി സംഘത്തെയും കുവൈത്ത് വിമാനത്താവളത്തിൽ കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽഅഹ്‌മദ് ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രാദേശിക സംഘർഷം വർധിച്ചുവരികയും യുഎസ്-ഇറാൻ സംഘർഷം വർധിക്കുകയും ചെയ്യുന്നതിനിടയിലാണ് സന്ദർശനം.